
കൊച്ചി: ബോട്ട് സർവീസിലെ അമിത ചെലവ് കുറയ്ക്കാൻ സോളാർ മാർഗവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. യാത്രക്കാർ കുറവുള്ളതും മറ്റ് ഗതാഗത മാർഗമില്ലാത്തതുമായ സ്ഥലങ്ങളിൽ പുതിയ ബോട്ട് ഇറക്കിയാണ് വകുപ്പ് ചെലവ് കുറയ്ക്കാൻ ഒരുങ്ങുന്നത്. ഇതിനായി 30 സീറ്റിന്റെ നാല് സോളാർ കറ്റാമരൻ ബോട്ടുകളുടെ നിർമ്മാണം ആരംഭിച്ചു.
പാണാവള്ളി സെഞ്ച്വറി യാർഡിലാണ് നിർമ്മാണം. കളമശേരിയിലെ നവഗതി മറൈൻ ഡിസൈനിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് രൂപകല്പനയും നിർമ്മാണവും. ആദ്യഘട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള നാല് സ്ഥലങ്ങളിലാണ് ബോട്ട് സർവീസ് ആരംഭിക്കുക. 2023 ജനുവരിയിൽ ബോട്ട് സർവീസിനിറക്കുകയാണ് ലക്ഷ്യം.
2 രൂപ മാത്രം വരുമാനമുള്ള റൂട്ടും
രണ്ടുപേർ മാത്രം സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലങ്ങളും ഇതിലുണ്ട്. 12 രൂപ മാത്രമാണ് റൂട്ടിലെ വരുമാനം. ഈ റൂട്ടിൽ സർവീസ് നടത്തുന്നത് 100, 75, 50 സീറ്റ് ശേഷിയുള്ള ഡീസൽ ബോട്ടുകളാണ്. ഒരു ബോട്ടിന് പ്രതിദിനം 9,000 രൂപയുടെ ഡീസൽ അടിക്കേണ്ടിവരും. സോളാർ ബോട്ടുകൾക്ക് പ്രതിദിനം 500 രൂപയിൽ താഴെയേ ചെലവ് വരൂ. ബോട്ടുകൾ പ്രതിദിനം 12 മണിക്കൂർ സർവീസ് നടത്തും. മഴക്കാലത്ത് വൈദ്യുതിയിൽ ചാർജ് ചെയ്ത് ഓടിക്കാം. ഇതിനായി 80 കിലോവാട്ട് വീതമുള്ള രണ്ട് ബാറ്ററികളുണ്ട്.
റൂട്ടുകൾ
മുഹമ്മ- മണിയാപറമ്പ്
കൊല്ലം- പ്ലാവറക്കടവ്
എറണാകുളം- വരാപ്പുഴ
പടന്ന- കൊറ്റി
സോളാർ ബോട്ടുകൾ
വലിപ്പം: 14 മീറ്റർ നീളം, 4.6 മീ.വീതി.
വൈദ്യുതി മോട്ടോർ: 10 കിലോ വാട്ടിന്റെ രണ്ടെണ്ണം
സോളാർ പാനൽ: 10 കിലോ വാട്ട്
വേഗത: ആറ് നോട്ടിക്കൽമൈൽ
ഒന്നിന് നിർമാണച്ചെലവ്: 2.5 കോടി
.....................................
സോളാർ ബോട്ടുകളാണെങ്കിൽ വലിയ ലാഭമാണ്. ആളില്ലാത്തതിനാൽ കൂടുതൽ സീറ്റുകളുള്ള ബോട്ടുകൾ ഓടിക്കുമ്പോൾ നഷ്ടം ഉണ്ടാകും. ഇത് മുൻനിറുത്തിയാണ് 30 സീറ്റിന്റെ ചെറിയ സോളാർ ബോട്ടുകൾ നിർമ്മിക്കുന്നത്.
ഷാജി വി. നായർ, ഡയറക്ടർ
സംസ്ഥാന ജലഗതാഗത വകുപ്പ്