tarun-chugh

കൊച്ചി: സാങ്കല്പിക ലോകമായ 'ഡിസ്നി വേൾഡ്' പോലെയാണ് ഇപ്പോഴത്തെ കോൺഗ്രസെന്നും രാഹുൽ ഗാന്ധി ഡിസ്നി രാജകുമാരനാണെന്നും പരിഹസിച്ച് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗ്. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ തരുൺ, കൊച്ചിയിൽ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിനെയും ഭാരത് ജോഡോ യാത്രയെയും വിമർശിച്ചിത് .

കോൺഗ്രസിന്റെ നിലവാരം അറിയാൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചാൽ മതി. ആർ.എസ്.എസിന്റെ ഗണവേഷത്തിലെ ട്രൗസർ കത്തിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ രാഷ്ട്രീയപ്പാർട്ടിയുടെ നിലവാരം ഇതിൽ നിന്ന് വ്യക്തമല്ലെയെന്ന് തരുൺ ചോദിച്ചു.

രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുടെ ചെറുകൂട്ടങ്ങളാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ളതെന്നും ഇവരുടെ കൂട്ടുപിടിച്ച് ബി.ജെ.പി സർക്കാരിനെ താഴെയിറക്കാമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു. സിഖുകാരുടെ ചോരക്കറ കൈയിൽപ്പതിഞ്ഞ കോൺഗ്രസ്, ഭാരത് ജോഡോ യാത്ര നടത്തിയാലൊന്നും ജനങ്ങൾ സ്വീകരിക്കുമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെതിരെയും തരുൺ വിമർശനമുയർത്തി.

കേരളത്തിലെ ഇടത് സർക്കാരിന്റെ തെറ്രായ സാമ്പത്തിക നയങ്ങൾ ഖജനാവ് കാലിയാക്കിയെന്നും പശ്ചിമബംഗാളും ത്രിപുരയും നഷ്ടപ്പെട്ടതുപോലെ കേരളത്തിലെ ജനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയെ കൈവിടുമെന്നും തരുൺ പറ‌ഞ്ഞു. സംസ്ഥാന ബി.ജെ.പിയിൽ പ്രവർത്തകർ മുതൽ നേതാക്കൾ വരെ ഒറ്രക്കെട്ടാണെന്നും ബി.ജെ.പി ഒന്നാമത്തെ വലിയ പാർട്ടിയാകുമെന്നും തരുൺ കൂട്ടിച്ചേർത്തു.