jail

മൂവാറ്റുപുഴ: മൂവാറ്റപുഴ സബ്‌ജയിലിന് ഇനി ഹരിതശോഭ! നഗര ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിലാണ് ജയിൽ ഹരിതവത്കരിക്കുന്നത്. ഇതിന്റെ പ്രഖ്യാപനം നാളെ ഉച്ചയ്ക്ക് 1.30ന് ജയിൽവളപ്പിൽ ഡീൻ കുര്യാക്കോസ് എം.പി നടത്തും. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷനാകും.

വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം.അബ്ദുൽസലാം, നിസ അഷറഫ്, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, പ്രമീള ഗിരീഷ് കുമാർ, വാർഡ് കൗൺസിലർ ജിനു ആന്റണി തുടങ്ങിയവർ സംസാരിക്കും.

സംസ്ഥാനത്ത് ജയിൽ കേന്ദ്രീകരിച്ച് ആദ്യമായി പദ്ധതി നടപ്പാക്കുന്നത് മൂവാറ്റുപുഴയിലാണ്.

മൂവാറ്റുപുഴ സബ് ജയിലിൽ പ്രതിദിനം 40 കിലോയോളം ജൈവമാലിന്യങ്ങൾ പുറന്തള്ളാറുണ്ട്. ഇത് വളപ്പിൽ തന്നെ സംസ്കരിക്കാൻ ക്രമീകരണം ഏർപ്പെടുത്തും. 60,000 രൂപ ചെലവഴിച്ച് ഇതിനായി ബയോ കമ്പോസ്റ്റ് യൂണിറ്റ് ആരംഭിക്കും. പരിസരത്ത് വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. അജൈവ പാഴ്‌വസ്തുക്കൾ എല്ലാമാസവും ഹരിത കർമ്മസേന നീക്കംചെയ്യും. ജയിൽ അധികൃതരുടെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിക്കും. അജൈവ മാലിന്യങ്ങൾ വഴി ഉത്പാദിപ്പിക്കുന്ന വളം ഇതിനുപയോഗിക്കും.