കോലഞ്ചേരി: ഓണക്കാലത്ത് കേര കർഷകരെ പ്രതിസന്ധിയിലാക്കി നഷ്ടക്കച്ചവടം. തേങ്ങയ്ക്ക് പ്രതീക്ഷിച്ച വില ലഭിക്കാത്തതാണ് കേര കർഷകരെ വലച്ചത്.
ഓണക്കാലത്ത് കർഷകർക്ക് അഞ്ച് രൂപയാണ് ഒരു തേങ്ങയ്ക്ക് ലഭിച്ചത്. മുൻ വർഷം എട്ട് രൂപ വരെ ലഭിച്ച സ്ഥാനത്താണ് ഈ വിലയിടിച്ചിൽ. കടകളിൽ ചില്ലറ വില്പന വില കിലോ 35 ലെത്തി. കഴിഞ്ഞ ഓണക്കാലത്ത് വില 46 ആയിരുന്നു. മഴക്കാലമായതിനാൽ നാല് മാസമായി തേങ്ങയിടീൽ നടന്നിരുന്നില്ല. ഓണം സീസണിൽ മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് തേങ്ങയിട്ടവർ പണിക്കൂലി കഴിഞ്ഞ് ഒന്നും കിട്ടാത്ത അവസ്ഥയെ അഭിമുഖീകരിച്ചു. കർഷകർ പൊതിച്ച തേങ്ങ കൊടുത്തപ്പോൾ കിലോവില 22ൽ ഒതുങ്ങി. കഴിഞ്ഞ വർഷം ഓണക്കാലത്ത് 27 രൂപവരെ ലഭിച്ചിരുന്നു. സംസ്ഥാനത്ത് നിന്ന് കൊപ്രയ്ക്കുള്ള തേങ്ങ തമിഴ്‌നാട്ടിലേക്കും പൊടിക്കുള്ളത് കർണാടകയിലേക്കും കയറ്റിവിടുകയുമാണ് രീതി. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ തെങ്ങ്കൃഷിയും ഉത്പാദനവും കാര്യമായി വർദ്ധിച്ചതോടെ ആ വഴിക്കുളള വില്പനയും കുറഞ്ഞു. ഇതും തേങ്ങവിലയിടിവിന് കാരണമായെന്ന് മൊത്തവ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണ വിലയിലും കാര്യമായ വർദ്ധനയില്ല. ശുദ്ധമായ വെളിച്ചെണ്ണ ലിറ്റർ ഒന്നിന് 180 രൂപയ്ക്ക് ലഭിക്കും. സർക്കാർ പ്രഖ്യാപിച്ച സംഭരണം കാര്യക്ഷമമല്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. സംഭരണം വഴി തേങ്ങ വിറ്റഴിച്ചവർക്ക് കൃത്യസമയത്ത് പണവും ലഭിച്ചില്ലെന്നും പരാതിയുണ്ട്. മാസങ്ങളായി തേങ്ങ പറിക്കാത്ത തോട്ടങ്ങളിൽ അവ കൊഴിഞ്ഞുവീഴുകയാണ്. സമയത്തു പെറുക്കികൂട്ടാതെ വന്നാൽ നശിക്കുകയും ചെയ്യും. തെങ്ങുകൃഷിക്കു വേണ്ടിവരുന്ന ഭീമമായ ചെലവുകൂടി കണക്കിലെടുക്കുമ്പോൾ ഇക്കുറി കൃഷി സമ്പൂർണ പരാജയമാണെന്ന് കർഷകർ പറയുന്നു.