
കൊച്ചി: സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ചാൻസലറെന്ന നിലയിൽ ഗവർണർ നടത്തുന്ന അനാവശ്യവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യൂണിവേഴ്‌സിറ്റി പെൻഷനേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
നിയമസഭ പാസാക്കിയ സർവകലാശാല നിയമങ്ങളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഗവർണറുടേത്. ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് ഏർപ്പെടുത്തിയ സർക്കാരിനെ യോഗം അഭിനന്ദിച്ചു. സർവകലാശലകളിൽ പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന ഉത്തരവ് പൂർണമായി പിൻവലിക്കണം.
കേരള കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിൽ അംഗത്ത്വത്തിൽ നിന്ന് കോൺഫെഡറഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ കേരളയുടെ ജനറൽ സെക്രട്ടറി ഹരിലാലിനെ സസ്‌പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.എൻ. ചന്ദ്രമോഹനകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ.കെ.ഷറഫുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.