
കൊച്ചി: തെരുവുനായ നിയന്ത്രണം (എ.ബി.സി) വേണമെന്ന സർക്കാർ നിർദേശം നടപ്പാക്കാൻ പണമില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. ജില്ലാ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സംയുക്ത സംരംഭമായി എ.ബി.സി പ്രോഗ്രാം നടപ്പാക്കണമെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിർദ്ദേശം.
എന്നാൽ, ജനകീയാസൂത്രണത്തിന്റെ ഭാഗമായി നിലവിൽ ഏറ്റെടുത്ത പദ്ധതികൾക്ക് പോലും പണമില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പറയുന്നു.
രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദ്ദേശമുണ്ട്. ഈ കാര്യത്തിൽ തുടർ നടപടികൾ ആലോചിക്കാൻ ഇന്ന് ജില്ലാ പഞ്ചായത്തിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെ യോഗം ചേരും.
കൂടുകളും പരിചാരകരും
ബ്ലോക്ക് തലത്തിൽ തയ്യാറാക്കുന്ന കേന്ദ്രങ്ങളിൽ ഓപ്പറേഷൻ തീയേറ്റർ, ഷെൽറ്റർ പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് കെയർ യൂണിറ്റ്, സി.സി.ടിവി, എയർകണ്ടീഷൻ, അടുക്കള എന്നിവ ക്രമീകരിക്കണം. 10 നായകളുടെ ഓപ്പറേഷന് 50 കൂടുകൾ എന്നനിരക്കിൽ ഓരോ കേന്ദ്രത്തിലും ഉണ്ടാവണം.
ഒരു വെറ്ററിനറി ഡോക്ടർ, 4 പരിചാരകർ, സഹായി, ശുചീകരണ തൊഴിലാളി, നായ പിടുത്തക്കാർ എന്നിവരെയും താത്കാലികമായി നിയമിക്കണം. ഇതിനെല്ലാം കൂടി നായ ഒന്നിന് 1,500 രൂപവീതം ഗ്രാമപഞ്ചായത്തുകളും നഗരസഭയും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിന് കൈമാറണം. ഈ തുക എവിടെ നിന്ന് കണ്ടെത്തുമെന്ന കാര്യത്തിൽ പഞ്ചായത്തുകൾക്ക് വ്യക്തതയില്ല.
പല പഞ്ചായത്തുകളിലും ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും തനത് ഫണ്ടില്ല. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ ചെലവഴിച്ച പണം ഇതുവരെ സർക്കാർ തിരിച്ചുനൽകിയിട്ടുമില്ല.
''ബ്ലോക്കിലെ 6 ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട് എ.ബി.സി പ്രോഗ്രാം നടത്താനുള്ള കെട്ടിടസൗകര്യം ബ്ലോക്കിലുണ്ട്. എന്നാൽ, ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ല. ഗ്രാമപഞ്ചായത്തുകൾ ഇതിനുള്ള വിഹിതം നൽകുകയാണെങ്കിൽ മുളന്തുരുത്തി ബ്ലോക്കിൽ എ.ബി.സി പദ്ധതി നടപ്പാക്കാനാകും""
രാജു പി.നായർ,
പ്രസിഡന്റ്, മുളന്തുരുത്തി
ബ്ലോക്ക് പഞ്ചായത്ത്.