കൊച്ചി: എറണാകുളത്ത് പാമ്പുകൾ പഠിക്കുന്ന ഒരു അങ്കണവാടിയുണ്ട്...! കേട്ടിട്ട് ആശ്ചര്യപ്പെടേണ്ട. മാസങ്ങളുടെ ഇടവേളയിൽ കടമക്കുടി എട്ടാം വാർഡിലെ ഒമ്പതാം നമ്പർ അങ്കണവാടിക്കുള്ളിൽ പലതവണ വിഷപ്പാമ്പുകൾ കയറിയിറങ്ങി. ജീവനക്കാരുൾപ്പെടെ പാമ്പിനെ കണ്ട് ഭയന്നു. അത്രയും ദയനീയമാണ് ഈ അങ്കണവാടിയും പരിസര പ്രദേശങ്ങളും.

കണ്ടെയ്‌നർ റോഡിൽ ഹൈക്കോടതിയിലേക്ക് വരുന്ന ഭാഗത്തെ സർവീസ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന അങ്കണവാടിയുടെ പരിസര പ്രദേശമാകെ കാട് കയറിയ നിലയിലാണ്. 2007ൽ പുനർ നിർമ്മിച്ച കെട്ടിടത്തിന്റെ മേൽക്കൂരയിൽ വരെ കാട് പിടിച്ചിട്ടുണ്ട്. കെട്ടിടത്തിനു പിന്നിലെ മുറിയ്ക്ക് വാതിലുമില്ല. ചതുപ്പു പ്രദേശത്തേക്ക് തുറന്ന വാതിലിലിലൂടെയാണ് പാമ്പുകളധികവും കെട്ടിടത്തിൽ കയറുന്നത്.

മുക്കാൽ സെന്റിൽ പ്രവർത്തിക്കുന്ന ഇവിടെ എട്ട്, ഒൻപത് വാർഡുകളിലെ 13 കുട്ടികളാണ് നിലവിലുള്ളത്.

മഴക്കാലത്ത് വെള്ളം കയറി പലവട്ടം ചെളി നിറഞ്ഞ് ക്ലാസുകൾ മുടങ്ങിയിട്ടുണ്ട്. രാവിലെ കെട്ടിടം തുറക്കുമ്പോഴും കുട്ടികൾ ക്ലാസിലിരിക്കുമ്പോഴുമെല്ലാം പാമ്പിനെ കണ്ടിട്ടുണ്ട് . മുൻ ഭരണസമിതികൾ അങ്കണവാടിക്ക് പകരം സ്ഥലം കണ്ടെത്താൻ ശ്രമിച്ചില്ലെന്ന് നിലവിലെ ഭരണസമിതി ആരോപിക്കുന്നു. മുമ്പ് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി സൂക്ഷിച്ചിരുന്ന പരിസരപ്രദേശം ഇപ്പോഴാണ് കാട് നിറഞ്ഞതെന്ന് മുൻ ഭരണസമിതി അംഗങ്ങളും കുറ്റപ്പെടുത്തുന്നു.

കെട്ടിടത്തോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കാട് എൻ.എച്ച് അധികൃതരാണ് പലതവണയായി തെളിച്ചിരുന്നത്. സ്വകാര്യ വ്യക്തിയോട് പലവട്ടം ആവശ്യപ്പെട്ടിട്ടും സ്ഥലം വൃത്തിയാക്കിയില്ലെന്നും ആരോപണമുണ്ട്.

പകരം സ്ഥലം പരിഗണനയിൽ
അങ്കൻവാടി കെട്ടിടം ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചായത്തെന്ന് വാർഡ് അംഗം സജിനി ജ്യോതിഷ് പറഞ്ഞു. ഒന്നിലേറെ സ്ഥലങ്ങൾ പരിഗണനയിലുണ്ടെന്നും സ്വകാര്യ വ്യക്തികളെയും സംഘടനകളെയും ഇതിനായി സമീപിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയെയും വിഷയം ധരിപ്പിച്ചിട്ടുണ്ട്.

ആദ്യ പ്രസിഡന്റ് നൽകിയ സ്ഥലം
പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന (1963 മുതൽ 1969വരെ) സലസ്റ്റിൻ മാസ്റ്റർ പഞ്ചായത്തിന് എഴുതി നൽകിയ സ്ഥലത്തതാണ് അങ്കണവാടി നിലനിൽക്കുന്നത്. രണ്ട് സെന്റ് സ്ഥലമുണ്ടെങ്കിൽ കെട്ടിടം സുരക്ഷിതമായി പുതുക്കി പണിയാനാകും.