കൊച്ചി: കോർപ്പറേഷൻ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളുടെ സ്ഥിതിവിവര പട്ടിക ഇന്ന് കൈമാറും. അന്യസംസ്ഥാനക്കാരുടെ ഭവന നിർമ്മാണ പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നതിന് മുന്നോടിയായി എസ് .സി. എം .എസ് സ്കൂൾ ഒഫ് ആർക്കിടെക്ചർ വിദ്യാർത്ഥികൾ നടത്തിയ തരിശുഭൂമി സർവേയുടെ വിവരങ്ങളാണ് കോർപ്പറേഷന് കൈമാറുന്നത്.

താമസിക്കാൻ ഇടം ലഭിക്കാത്തതിനാൽ പാതയോരത്തും മെട്രോ തൂണുകൾക്കിടയിലും അന്തിയുറങ്ങേണ്ട ഗതികേടിലാണ് അന്യസംസ്ഥാന തൊഴിലാളികൾ. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും മിതമായ നിരക്കിൽ ഇവർക്ക് താമസസൗകര്യം ലഭ്യമാക്കുന്നതിനുള്ള നയം രൂപീകരിക്കുന്നതിനുമായി 2021 -22 ബഡ്ജറ്റിൽ പ്രഖ്യാപിച്ച 'റാപ്പിഡ് റെസ്‌പോൺസ് പോളിസി എൻഗേജ്‌മെന്റ്' പദ്ധതിയുടെ ഭാഗമായാണ് സർവേ നടത്തിയത്.

യു.കെയിലെ റെഡിംഗ് യൂണിവേഴ്‌സിറ്റിയുടെയും സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റിന്റെയും സാങ്കേതിക സഹായത്തോടെ നടന്ന പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ ഒരു നയം രൂപീകരിച്ചത്. ഈ നയരേഖയ്ക്ക് കൗൺസിലിന്റെ അംഗീകാരവും ലഭിച്ചു. പദ്ധതിയുടെ തുടർപ്രവർത്തനത്തിന്റെ ഭാഗമായി ഭവന നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തുന്നതിനാണ് സർവേ നടത്തിയത്.

ഇന്നു രാവിലെ പത്തിന് കൗൺസിൽ ഹാളിൽ

നടക്കുന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ വേക്കന്റ് ലാൻഡ് സർവേ റിപ്പോർട്ട് ഏറ്റുവാങ്ങും. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷീബാലാൽ, പി.ആർ.റെനീഷ്, സുനിത ഡിക്സൺ, പ്രിയ പ്രശാന്ത്, എം.എച്ച്.എം. അഷ്റഫ് , വി.എ. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുക്കും.