
വൈപ്പിൻ: നവകേരളത്തിന് ആധാരശില പാകിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് ഗുരുദർശനത്തിന്റെ മൂല്യങ്ങളുൾക്കൊള്ളുന്ന പ്രായോഗികതയാണ്. സർക്കാരിന്റെ വിദ്യാഭ്യാസം, വ്യവസായം, മതനിരപേക്ഷ നിലപാടുകൾ എന്നിവയിലെല്ലാം ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ഉൾക്കൊള്ളുന്നു. എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ സംഘടിപ്പിച്ച ചതയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.
വൈപ്പിൻകരയിലെ 22 എസ്.എൻ.ഡി.പി ശാഖകൾ അണിനിരന്ന ചതയദിന ഘോഷയാത്രയിൽ ഏറ്റവും മികച്ചവയ്ക്കുള്ള ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം ചെറായി സഹോദരൻ സ്മാരക ശാഖ, അയ്യമ്പിള്ളി ശാഖ, എടവനക്കാട് സൗത്ത് ശാഖ എന്നിവ സ്വന്തമാക്കി. മികച്ച ഫ്‌ളോട്ടുകൾക്കുള്ള ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ എടവനക്കാട് സൗത്ത്, അയ്യമ്പിള്ളി , കോവിലകത്തും കടവ് എന്നിവയും നേടി. മികച്ച സംഘാടകൻ, പ്രഭാഷകൻ എന്നിവ പരിഗണിച്ച് യൂത്ത് മൂവ്‌മെന്റിന്റെ എക്‌സലൻസി അവാർഡ് യോഗം ബോർഡ് അംഗം കെ.പി.ഗോപാലകൃഷ്ണന് സമ്മാനിച്ചു. അവാർഡും സമ്മാനങ്ങളും എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസർ എ.എൻ. രാജൻ ബാബു വിതരണം ചെയ്തു.