
പള്ളുരുത്തി: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ പുതിയ വീടൊരുങ്ങിയ സന്തോഷത്തിലായിരുന്നു വിനോദ്. എസ്. എൻ. ഡി. പി യോഗം കൊച്ചി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ഗുരു സ്പർശം ഭവന പദ്ധതി പ്രകാരമാണ് കണ്ണമാലി ശാഖാ അംഗമായ വിനോദിന് വീട് നിർമ്മിച്ചത്. എസ്. എൻ. ഡി.പി യോഗം കൊച്ചി യൂണിയന്റെയും ശ്രീ ധർമ്മ പരിപാലന യോഗത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ജയന്തി ആഘോഷ ചടങ്ങിൽ താക്കോൽ ദാന കർമ്മം ഹൈബി ഈഡൻ എം. പി. നിർവ്വഹിച്ചു.
യൂണിയൻ നേതാക്കളായ സി. പി. കിഷോർ, സി. കെ. ടെൽഫി, എ. ബി. ഗിരീഷ്, ഷിജു ചിറ്റേപ്പള്ളി, ഇ. വി. സത്യൻ, ടി. വി. സാജൻ, യൂത്ത് മൂവ് മെന്റ് നേതാക്കളായ ഡോ. അരുൺ അബു, അർജ്ജുൻ അരമുറി, വനിതാ സംഘം നേതാക്കളായ സൈനി പ്രസാദ്, ലേഖ, വൈദിക സമിതി നേതാക്കളായ സതീഷ് ശാന്തി, സന്തോഷ് ശാന്തി, ശ്രീ ഭവാനീശ്വര ദേവസ്വം ഭാരവാഹികളായ സി.ജി. പ്രതാപൻ, കെ. ആർ. വിദ്യാനാഥ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. പൊതുസമ്മേളനം ഹൈബി ഈഡൻ എം. പി. ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഏ. കെ. സന്തോഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ സ്വാഗതം ആശംസിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണം കൊച്ചി കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത് നിർവ്വഹിച്ചു. ഗുരുസ്പർശം ഭവന പദ്ധതിയോട് സഹകരിച്ച വ്യക്തികളെ യോഗത്തിൽ ആദരിച്ചു. മുൻകാല യൂണിയൻ നേതാക്കളെ ആദരിച്ചു. മുൻ എം. എൽ. എ. ജോൺ ഫെർണാണ്ടസ് ജയന്തി ദിന സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് സി. പി. കിഷോർ, യോഗം ഡയറക്ടർ ബോർഡ് അംഗം സി. കെ. ടെൽഫി, കെ. ആർ. വിദ്യാ നാഥ് എന്നിവർ പങ്കെടുത്തു. യൂണിയൻ കൗൺസിലർ ഡോ. ഇ. വി. സത്യൻ നന്ദി പറഞ്ഞു.