
ആലുവ: ഭരണാധികാരികൾ എഴുത്തിനെയും എഴുത്തുകാരെയും വിദ്വേഷത്തോടെയാണ് എക്കാലവും കണ്ടിരുന്നതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി വായനശാലയുടെ 84 -ാം വാർഷികാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും സമാപന സമ്മേളന ഉദ്ഘാടനവും എം.തോമസ് സ്മാരക ഹാളിന്റെ സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിനും സാഹിത്യ സൃഷ്ടികൾക്കും എഴുത്തുകാർക്കും മാത്രമേ കാലത്തെ അതിജീവിക്കാനുള്ള ശക്തിയുണ്ടാകൂ. ടോൾസ്റ്റോയിയെപ്പോലെയുള്ള വിശ്വസാഹിത്യകാരന്മാരെ ലോകം ഇന്നും അറിയുകയും അവരുടെ കൃതികൾ വായിക്കുകയും ചെയ്യുമ്പോൾ അക്കാലത്തെ ഭരണാധികാരികൾ ആരായിരുന്നെന്ന് കണ്ടെത്താൻ ചരിത്ര പുസ്തകങ്ങൾ പരതേണ്ടിവരുമെന്ന് സാനു പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് കെ.എ.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. 'വിദ്യാവിനോദിനി ചാരിറ്റബിൾ ട്രസ്റ്റ് ' വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉദ്ഘാടനം ചെയ്തു. ഏലി ഹിൽസ് ഇൻസ്റ്റിറ്റ്യൂഷൻ പ്രതിനിധി ഡോ. ജേക്കബ് ജോർജ് എം.തോമസിനെ അനുസ്മരിച്ചു. ലിസി സെബാസ്റ്റ്യൻ, ഹിത ജയകുമാർ, റഹ്മത്ത് ജെയ്‌സൽ, അലീഷ ലിനേഷ്, സെക്രട്ടറി എസ്.എ.എം. കമാൽ, എൻ.എസ്. അജയൻ എന്നിവർ സംസാരിച്ചു.