
കൊച്ചി: മത്സ്യമടക്കമുള്ള ജലജീവികളുടെ ആവാസവ്യവസ്ഥയും ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും സംരക്ഷിക്കാൻ നടപടിവേണമെന്ന് ഐ.സി.എ.ആർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി കൊച്ചിയിൽ സംഘടിപ്പിച്ച സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ (ക്ലീൻ കോസ്റ്റ് സുരക്ഷിത കടൽ) ദേശീയ കാമ്പയിൻ നിർദ്ദേശിച്ചു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും ഐ.സി.എ.ആർ. സി.ഐ.എഫ്.ടി യും (സിഫ്ട്) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആഗോള പ്രശ്‌നമായ സമുദ്ര മലിനീകരണത്തിൽ മുഖ്യഘടകമായി മാറിയ പ്ലാസ്റ്റിക് മലിനീകരണം സമുദ്ര ജൈവവൈവിദ്ധ്യം, ആവാസവ്യവസ്ഥ, മത്സ്യബന്ധനം എന്നിവയെ ഗുരുതരമായി ബാധിക്കുന്നു. ഈ വിഷയം കടലിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മലിനീകരണവും മൈക്രോപ്ലാസ്റ്റിക്‌സും ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യരിലെത്തുന്നുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ച സിഫ്ട് ഡയറക്ടർ (ആക്ടിംഗ്) ഡോ.ലീല എഡ്വിൻ പറഞ്ഞു. ന്യൂഡൽഹി ശാസ്ത്രസാങ്കേതിക വകുപ്പിലെ വിജ്ഞാൻ പ്രസാറിലെ ശാസ്ത്രജ്ഞൻ ഡോ. സന്ദീപ് ബറുവ, സിഫ്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.വി.ശങ്കർ, കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോ.എസ്.ബിജോയ് നന്ദൻ, ഡി.എസ്.ടി വിജ്ഞാൻ പ്രസാർ കൺസൾറ്റന്റ് ഡോ. ബി.കെ.ത്യാഗി, സിഫ്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എം.പി.രമേശൻ എന്നിവരും നിരവധി ശാസ്ത്രജ്ഞരും ജീവനക്കാരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. സി.ഐ.എഫ്.ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സത്യൻ കുമാർ പാണ്ഡെ സ്വാഗതവും ഡി.എസ്.ടി അസിസ്റ്റന്റ് മാനേജർ ഡോ.ബിജു ധർമ്മപാലൻ നന്ദിയും പറഞ്ഞു.