നെടുമ്പാശേരി: നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. നെടുമ്പാശേരി തുരുത്തിശേരി വിഷ്ണുവിഹാറിൽ വിനു വിക്രമനെയാണ് (29) ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പചുമത്തി ജയിലിലടച്ചത്.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ നെടുമ്പാശേരി, ചെങ്ങമനാട്, പറവൂർ, അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ആയുധനിയമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2019 നവംബറിൽ അത്താണിയിൽ ഗില്ലപ്പി ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയായ ഇയാൾക്ക് ഈ കേസിന്റെ വിചാരണ തീരുംവരെ എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു. എന്നാൽ കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ജൂണിൽ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അടുവാശേരി മുതലാളിപീടിക ഭാഗത്തെ ഒരു കടയിൽ അതിക്രമിച്ച് കയറി പണം ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
ആലപ്പുഴയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ നെടുമ്പാശേരി ഇൻസ്‌പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 62പേരെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ചു. 36 പേരെ നാടുകടത്തി.