
കൊച്ചി: ബിസിനസിൽ കത്തിക്കയറുന്ന കാലത്ത് ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യത്വം സ്വീകരിച്ച് ശ്രീനാരായണ ഗുരുദേവനിൽ സമർപ്പിച്ച ജീവിതമായിരുന്നു ഇന്നലെ നിര്യാതനായ ടി. എസ്. സിദ്ധാർത്ഥന്റേത്. സജീവരാഷ്ട്രീയത്തിൽനിന്നും മദ്യവുമായി ബന്ധപ്പെട്ട എല്ലാ ബിസിനസിൽനിന്നും പിന്മാറി യതിയുടെ പ്രിയപ്പെട്ട ഗൃഹസ്ഥ ശിഷ്യനായി. ഇടപ്പള്ളിയിൽ നാരായണ ഗുരുകുലം സ്ഥാപിക്കുന്നതുവരെ എറണാകുളത്ത് എത്തുമ്പോഴെല്ലാം ചന്ദ്രത്തിൽ റോഡിലെ ചൈതന്യയെന്ന സിദ്ധാർത്ഥന്റെ വീട്ടിലായിരുന്നു ഗുരുനിത്യചൈതന്യയതി താമസിച്ചിരുന്നത്. ഗുരുവിനെ കാണാൻ പ്രമുഖരാണ് ഈ വീട്ടിലേക്ക് എത്തിയിരുന്നത്.
ഗുരുദേവധർമ്മ പ്രചാരണത്തിനായി രൂപീകരിച്ച ഇടപ്പള്ളി ഗുരുസ്മരണ സമിതിയുടെ പ്രസിഡന്റായി മരണംവരെ അദ്ദേഹം തുടർന്നു. ഗുരുധർമ്മ പ്രചാരകരെ വാർത്തെടുക്കാനായി ഒരുവർഷം നീളുന്ന പരിശീലന പരിപാടി ഇടപ്പള്ളിയിൽ സംഘടിപ്പിച്ചതും സിദ്ധാർത്ഥനാണ്. തിരഞ്ഞെടുത്ത 30 പേർക്കായി സിലബസ് നിശ്ചയിച്ച് എല്ലാ ഞായറാഴ്ചകളിലും നടന്ന പരിപാടിയിൽ ഡോ.സുകുമാർ അഴീക്കോട്, ഡോ. ടി. ഭാസ്കരൻ, പ്രൊഫ. തുറവൂർ വിശ്വംഭരൻ, ഡോ. ബി. അശോക്, ഷൗക്കത്ത്, ഡോ. ഗീതാ സുരാജ് തുടങ്ങിയ പ്രമുഖരാണ് ക്ളാസെടുത്തിരുന്നതെന്ന് ജനറൽ കൺവീനറായിരുന്ന ഡി. ബാബുരാജ് പറഞ്ഞു.
ഗുരുനിത്യചൈതന്യ യതിയുടെ സമാധിക്കുശേഷം എല്ലാ വർഷവും എറണാകുളത്ത് ഗുരുവിന്റെ സ്മരണയ്ക്കായി യതിയുടെ ജ്ഞാനസരണി എന്ന പേരിൽ സെമിനാറും സംഘടിപ്പിച്ചു. രാമായണമാസംപോലെ ചിങ്ങം ഒന്നുമുതൽ മഹാസമാധി ദിനമായ കന്നി അഞ്ചുവരെ ഗുരുദേവ പാരായണ മാസമായി ആചരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചതും സിദ്ധാർത്ഥനായിരുന്നു. ഇതിനായി ദൈവദശകവും ഗുരുദേവന്റെ സമ്പൂർണകൃതികളും സൗജന്യമായി വിതരണം ചെയ്തു. ദൈവദശകം ഡോ. ഗീതാ സുരാജിന്റെ വ്യാഖ്യാന സഹിതം അരലക്ഷത്തോളം കോപ്പികളാണ് പലപ്പോഴായി സ്വന്തം ചെലവിൽ അച്ചടിച്ചത്. ഇടപ്പള്ളിയിൽ നാരായണ ഗുരുകുലത്തിന്റെ ശാഖ സ്ഥാപിക്കാൻ മുൻകൈയെടുത്തതും സിദ്ധാർത്ഥനായിരുന്നു.