കൊച്ചി: കൊച്ചി തീരക്കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ദ്ധരുടെ പരിശോധനാഫലം വൈകിയേക്കും. നാവിക പരിശീലന കേന്ദ്രത്തിലെ തോക്കുകൾ വിദഗ്ദ്ധർ പരിശോധിച്ചെങ്കിലും വെടിയുണ്ട ഉതിർത്ത തോക്ക് ഏതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതാണ് പരിശോധനാഫലം വൈകാൻ കാരണമാകുന്നതെന്നാണ് വിവരം. നാവികത്താവളത്തിലെ തോക്കുകൾ പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതികൂടി വേണം. ഇതിന് കാത്തിരിക്കുകയാണ് പൊലീസ്.

അതേസമയം സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ രംഗത്തെത്തി. വെടിയേറ്റ മത്സ്യത്തൊഴിലാളി അന്ധകാരനഴി സ്വദേശി മണിച്ചിറയിൽ സെബാസ്റ്റ്യനെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.