കൊച്ചി: തൊഴിൽനികുതി അടയ്ക്കാൻ ഒട്ടുമിക്കവരും തയ്യാറാണ്; പക്ഷേ നഗരസഭയ്ക്ക് വേണ്ട! നഗരത്തിൽ അയ്യായിരത്തിലേറെ അഭിഭാഷകരുണ്ട്. 50 പേർ പോലും തൊഴിൽനികുതി അടയ്ക്കുന്നില്ല. മനഃപൂർവമല്ല,​ കോർപ്പറേഷൻ ചോദിക്കാറില്ല. ഓരോരുത്തർക്കും അയയ്ക്കുന്നതിനു പകരം തൊഴിൽ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വർഷത്തിൽ രണ്ടുപ്രാവശ്യം ബാർ അസോസിയേഷന് നോട്ടീസ് നൽകലാണ് മാത്രമാണ് കോർപ്പറേഷന്റെ രീതി.

ഡോക്ടർമാർ, എൻജിനിയർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയ പ്രൊഫഷണലുകളിൽ നിന്നെല്ലാം തൊഴിൽനികുതി പിരിച്ചെടുക്കുന്നതിൽ കോർപ്പറേഷൻ അമ്പേ പരാജയം. 2500 രൂപയാണ് തൊഴിൽ നികുതിയായി കോർപ്പറേഷൻ ഒരാളിൽ നിന്ന് പ്രതിവർഷം ഈടാക്കുന്നത്.

കോർപ്പറേഷൻ പരിധിയിലുള്ള കേരള ബാർ കൗൺസിലിൽ നിന്നോ ബാർ അസോസിയേഷനിൽ നിന്നോ അഭിഭാഷകരുടെ വിവരങ്ങൾ ശേഖരിക്കാം. ഐ.എം.എ പോലെയുള്ള സംഘടനകളിൽ നിന്ന് ഡോക്ടർമാരുടെ വിവരങ്ങളും. മറ്റു പ്രൊഫഷണലുകളുടെ വിവരങ്ങളും എളുപ്പത്തിൽ കണ്ടെത്താം. കോടിക്കണക്കിനു രൂപയുടെ വരുമാനം ചോർന്നുപോകുമ്പോഴും ഈ വഴിക്കുള്ള യാതൊരു ശ്രമവും നടത്താൻ കോർപ്പറേഷൻ തുനിയുന്നില്ല.

കുറഞ്ഞ സ്ളാബ് 120 രൂപ

തുച്ഛശമ്പളം ലഭിക്കുന്നവരും തൊഴിൽനികുതി നൽകണമെന്നാണ് നിയമം. 120 രൂപയാണ് ഏറ്റവും കുറഞ്ഞ സ്ളാബ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച് തൊഴിലുടമകൾ അതത് തദ്ദേശസ്ഥാപനത്തിൽ അടയ്ക്കണം. ഹോംനഴ്സ്, വീട്ടുജോലി, സെക്യൂരിറ്റി, ശുചീകരണം തുടങ്ങിയ മേഖലകളിലേക്ക് തൊഴിലാളികളെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും തൊഴിൽനികുതി അടയ്ക്കാതെ കാലങ്ങളായി കോർപ്പറേഷനെ കബളിപ്പിക്കുന്നു.

നിയമം കർശനമാക്കണം

''നികുതി പിരിച്ചെടുക്കുന്നതിൽ കോർപ്പറേഷൻ ജാഗ്രത കാണിക്കുന്നില്ല. നോട്ടീസ് അയച്ചത് കൊണ്ടായില്ല. കുടിശിക വരുത്തുന്നവർക്ക് രണ്ടുവർഷം കൂടുമ്പോൾ ജപ്തി നോട്ടീസ് നൽകണം""

പ്രിയ പ്രശാന്ത്, നികുതികാര്യ

സ്ഥിരംസമിതി അദ്ധ്യക്ഷ

ഓഡിറ്റ് റിപ്പോർട്ടിലും വിമർശനം

മിക്ക സ്ഥാപനങ്ങളിലെയും ജീവനക്കാരിൽ നിന്ന് അർദ്ധവാർഷിക വരുമാനത്തിന് ആനുപാതികമായി തൊഴിൽ നികുതി ഈടാക്കുന്നില്ലെന്ന് 2020-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.

തൊഴിൽ നികുതി രജിസ്റ്ററുകളുടെ സൂക്ഷിപ്പിലും അനാസ്ഥയുള്ളതായി കണ്ടെത്തി. രജിസ്റ്ററിന്റെ പരിപാലനത്തിലെ വീഴ്ച കാരണം തൊഴിൽനികുതി ഡിമാൻഡ്, കളക്ഷൻ, ബാലൻസ് എന്നിവയുടെ കൃത്യത പരിശോധിക്കാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു