
കോലഞ്ചേരി: ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിന് ഏഷ്യൻ ഗെയിംസിൽ സ്വർണം കിട്ടിയപ്പോൾ തുടങ്ങിയതാണ് കുന്നത്തുനാട്ടിൽ അദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റേഡിയം നിർമ്മാണം. എന്നാൽ എട്ടുവർഷമായി തുടരുന്ന പണി പൂർത്തീകരിക്കാനായിട്ടില്ല. ചുരുക്കത്തിൽ ഇന്ത്യൻ ഹോക്കിയുടെ അഭിമാനമായ ശ്രീജേഷിന്റെ പേരിലെ കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ കളിയാരവമുയരാൻ ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വരും.
പള്ളിക്കര മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിനെ വിപുലീകരിച്ച് സ്റ്റേഡിയമാക്കുന്നതിനുള്ള നിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. 98.50 ലക്ഷം മുടക്കിയാണ് നിർമ്മാണം. പഞ്ചായത്ത്- എം.എൽ.എ ഫണ്ടുകൾ, കൊച്ചി ബി.പി.സി.എൽ ഫണ്ട് എന്നിവ ഉപയോഗിച്ച് പണി പൂർത്തിയാക്കാനായിരുന്നു പദ്ധതി. നിർമ്മാണം ആരംഭിച്ചതിനു പിന്നാലെ അപാകതകൾ ചൂണ്ടിക്കാട്ടി ജനം രംഗത്തെത്തി. അതോടെ നിർമ്മാണം നിലയ്ക്കുയായിരുന്നു. സ്റ്റേഡിയത്തിനായി സ്ഥാപിച്ച ഇരുമ്പ് കാലുകൾ തുരുമ്പെടുത്ത് നശിച്ചു. മുടക്കിയ ലക്ഷങ്ങൾ പാഴാകുന്ന മട്ടാണ്.
സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പറഞ്ഞെങ്കിലും തുടർ നടപടിയുണ്ടായില്ല. 31ലക്ഷം രൂപയുടെ ബില്ല് പഞ്ചായത്ത് തടഞ്ഞുവെന്നാരോപിച്ച് കരാറുകാരൻ കോടതിയെ സമീപിച്ചതോടെ നിർമ്മാണം നിയമക്കുരുക്കിലുമായി. ഗ്രൗണ്ടിൽ
സ്ഥിരമായി കളിച്ചുകൊണ്ടിരുന്നവരെ സ്‌റ്റേഡിയം നിർമാണത്തിന്റെ പേരിൽ വിലക്കുകയും ചെയ്തു. ദേശീയ മത്സരങ്ങൾ, പൊലീസ് സേന എന്നിവയിലടക്കം ഒട്ടേറെ പ്രതിഭികള വാർത്തെടുക്കുന്നതിൽ ഈ ഗ്രൗണ്ടിനു നിർണായക പങ്കുണ്ടെന്ന് പള്ളിക്കര സ്പോർട്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
2014ൽ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ ജയിച്ചപ്പോൾ ശ്രീജേഷിനു കുന്നത്തുനാട്ടിലൊരുക്കിയ സ്വീകരണത്തിൽ അന്നത്തെ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സ്റ്റേഡിയം നിർമ്മാണം പ്രഖ്യാപിച്ചത്. സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് നിലവിൽ പള്ളിക്കര സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വോളിബോൾ പരിശീലനം നടക്കുന്ന മൈതാനം തിരഞ്ഞെടുത്തത്. കോടതി വിധി വന്നാൽ മാത്രമേ സ്‌റ്റേഡിയം നിർമ്മാണം ഇനി ഒരിഞ്ചെങ്കിലും മുന്നോട്ടുപോകൂ.
വിദഗ്ദ സമിതിയും ചീഫ് എൻജിനിയറും നടത്തിയ അന്വേഷണ പ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനിച്ചപ്പോൾ കരാറുകാരൻ കേസ് കൊടുത്തു. കേസ് തീരുന്ന മുറയ്ക്ക് നിർമ്മാണം പൂർത്തിയാക്കും.
എം.വി. നിതമോൾ
പഞ്ചായത്ത് പ്രസിഡന്റ്
സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിക്കാൻ ബി.പി.സി.എൽ നൽകിയ തുക പഞ്ചായത്ത് വക മാറ്റി ചെലവഴിച്ചു. നിർമ്മാണം പൂർത്തീകരിക്കുന്നതു സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിട്ടില്ല. ഇത് ഒളിമ്പ്യൻ ശ്രീജേഷിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയാണ് .
നിസാർ ഇബ്രാഹിം
കുന്നത്തുനാട് പഞ്ചായത്ത് അംഗം