മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ നാല് വാർഡുകളിലെ ചില മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഓണക്കാലത്തും ശേഷവും കുടിവെള്ളമില്ലാത്ത അവസ്ഥയാണ് ഇവിടങ്ങളിൽ.

പായിപ്ര പഞ്ചായത്ത് 1, 2,3,22 വാർഡുകളിലുൾപ്പെടുന്ന പായിപ്ര, മാനാറി, കിഴക്കേക്കര, മൈക്രോവേവ്, സ്ക്കൂൾപടി, കാവുംപടി, സൊസൈറ്റിപടി, മൂങ്ങാച്ചാൽ എന്നിവിടങ്ങളിലാണ് ഒരാഴ്ചയിലേറെയായി കുടിവെള്ള വിതരണം മുടങ്ങിയത്. ഇവിടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് വാട്ടർ അതോറിറ്റി പൈപ്പ് ലൈനിലൂടെയെത്തുന്ന കുടിവെള്ളത്തെ ആശ്രയിക്കുന്നത്. പ്രദേശത്ത് താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും കുടിവെള്ള ക്ഷാമം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

കുടിവെള്ളം ലഭ്യമാകാത്തതിനാൽ കടകളിലും ഹോട്ടലുകളിലും ഡിസ്‌പോസിബിൾ ഗ്ലാസും പാത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയിലെ മുളവൂർ നിരപ്പ് ജലസംഭരണിയിൽ നിന്നാണ് ഈ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. ജലസംഭരണിയിൽ നിന്നുള്ള വിതരണ പൈപ്പിലേക്കുള്ള വാൽവ് തകരാറിലായതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. കുടിവെള്ളം കിട്ടാതായതോടെ ജനങ്ങൾ വാട്ടർ അതോറിറ്റിയുടെ മൂവാറ്റുപുഴ ഓഫീസിൽ ബന്ധപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പറയുന്നു. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പഞ്ചായത്ത് അധികൃതരും വാട്ടർ അതോറിറ്റിയും കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.

നിരപ്പ് റേഷൻകടപടിക്കുസമീപം കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയ പ്രശ്നം പരിഹരിച്ചപ്പോൾ പ്രദേശത്തേക്കുള്ള വിതരണക്കുഴലുകളുടെ പ്രധാന വാൽവ് തകരാറിലായതാണ് കുടിവെള്ളം മുടങ്ങാൻ കാരണമായത്. ഇത് ഉടൻ പരിഹരിക്കും.

ജയശ്രീ, അസിസ്റ്റന്റ് എൻജിനിയർ​

വാട്ടർ അതോററ്റി