dogs

കൊച്ചി: കൊച്ചിയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവർക്കും അഭയമൊരുക്കുന്നവർക്കും നാട്ടുകാരുടെ ഭീഷണി.

കൊവിഡ് കാലത്ത് തെരുവിൽ അലയുന്ന മൃഗങ്ങളോടും കരുണകാട്ടണമെന്ന സർക്കാരിന്റെ ആഹ്വാനപ്രകാരം 2019 ജൂൺ മുതൽ തെരുവുനായ്ക്കളെ ഊട്ടിത്തുടങ്ങിയ നെട്ടൂർ സ്വദേശി ജേക്കബ് തോമസ് (62) അക്കൂട്ടത്തിലൊരാളാണ്. സഹകരണ വകുപ്പിൽ നിന്ന് അഡീഷണൽ രജിസ്ട്രാറായി 2016ൽ വിരമിച്ച ജേക്കബ് തോമസും കോ- ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാറായി വിരമിച്ച ഭാര്യ തങ്കമ്മയും പെൻഷൻ വരുമാനത്തിൽ നിന്ന് പ്രതിമാസം 15,000 രൂപ ചെലവഴിച്ചാണ് അൻപതോളം തെരുവുനായ്ക്കൾക്ക് ദിവസവും രണ്ടുനേരം ഭക്ഷണം വിളമ്പുന്നത്. മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷൻ, കുണ്ടന്നൂർ പാലത്തിന് അടിവശം, മനക്കച്ചിറ, എസ്.എൻ. ജംഗ്ഷൻ, ധന്യ ജംഗ്ഷൻ, പഴയ മാർക്കറ്റ് എന്നിവിടങ്ങളിലെ നായ്ക്കൾക്ക് ചോറ്, ചിക്കൻ പാർട്സ്, ബിസ്കറ്റ് എന്നിവയാണ് നൽകുന്നത്.

ജൂൺ 12ന് ധന്യ ജംഗ്ഷനിൽ തെരുവുനായ 4 പേരെ ആക്രമിച്ചിരുന്നു. അടുത്തിടെ നിരവധി തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടതോടെ നാട്ടുകാരുടെ രോഷം ജേക്കബ് തോമസിന് നേരേ തിരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ കുണ്ടന്നൂർ പാലത്തിന് സമീപം നായ്ക്കൾക്ക് ഭക്ഷണവുമായെത്തിയ അദ്ദേഹത്തെ ചിലർ കൂട്ടംചേർന്ന് അസഭ്യം വിളിച്ചു. ഇരുച്ചക്രവാഹനത്തിന്റെ താക്കോൽ ഊരിക്കൊണ്ടുപോയി.

വന്ധ്യംകരണത്തിന് വിധേയമാക്കിയശേഷം ഉപേക്ഷിച്ച നായ്ക്കൾ ആഹാരമില്ലാതെ അലയുന്നതുകണ്ടപ്പോഴാണ് ഭക്ഷണം കൊടുത്ത് തുടങ്ങിയതെന്ന് ജേക്കബ് തോമസ് പറഞ്ഞു. നെട്ടൂരിൽ അലയുന്ന നായ്ക്കളിൽ പലതിന്റെയും കഴുത്തിൽ ബെൽറ്റുണ്ട്. തനി നാടൻ നായ്ക്കൾ മാത്രമല്ല, ചില സങ്കരഇനങ്ങളും കൂട്ടത്തിലുണ്ട്. ഇവയെ വീടുകളിൽ നിന്ന് ഉപേക്ഷിച്ചതാണ്. തെരുവിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന മൂന്ന് നായ്ക്കളെ വീട്ടിൽ കെട്ടിയിട്ടും പരിപാലിക്കുന്നുണ്ട്. നായ്ക്കൾക്ക് പുറമെ 12 പൂച്ചകളും ഇദ്ദേഹത്തിന്റെ സംരക്ഷണയിൽ കഴിയുന്നു.

മരട് മുനിസിപ്പൽ പരിധിയിൽ തന്നെ അംഗവൈകല്യമുള്ള എട്ട് നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന മറ്റൊരു യുവതിയേയും ചിലർ അധിക്ഷേപിക്കുന്നതായി പരാതിയുണ്ട്.

''നായകളെ തെരുവിലിറക്കിവിട്ടവരും ഭക്ഷ്യാവശിഷ്ടങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവരുമാണ് യഥാർത്ഥ കുറ്റക്കാർ. ഈ വസ്തുത മറച്ചുവച്ചാണ് ജീവകാരുണ്യപ്രവർത്തകരെ ക്രൂശിക്കുന്നത്. വിശന്നുവലയുമ്പോഴാണ് നായകൾ അക്രമാസക്തരാകുന്നത്. ആഹാരം കൊടുത്താൽ അവർ ശാന്തരാകും. സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും.""

ജേക്കബ് തോമസ്