മൂവാറ്റുപുഴ: കലാ,സാംസ്കാരിക സംഘടനയായ മേളയുടെ അരങ്ങ് ഒരിടവേളയ്ക്കുശേഷം വീണ്ടും ഉണരുന്നു. പകർന്നും പറഞ്ഞും പാടിയും എന്ന പരിപാടിയിലൂടെ ഇന്ത്യൻ സംഗീതലോകത്തെ മഹാരഥന്മാരുടെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ ഗാനങ്ങൾ പാടിയും അവയെക്കുറിച്ചുള്ള അറിവുകളും കൗതുകങ്ങളും പങ്കുവച്ചും സംഗീത സംവിധായകൻ ബേണിയും കലാകാരന്മാരും വേദിയിലെത്തും. ഇന്ന് വൈകിട്ട് 7 നാണ് പരിപാടി. ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി ഉദ്ഘാടനം നിർവഹിക്കും. വയലിനിസ്റ്റ് ഹെറാൾഡ്, സിതാറിസ്റ്റ് പോൾസൺ, ഗിത്താറിസ്റ്റ് സമീർ, തബലിസ്റ്റ് ജിത്തു, ജോർജ്കുട്ടി, നിജിത്ത് എന്നിവരോടൊപ്പം സുബിൻ ഇഗ്നേഷ്യസും സെറീനും പാടും. മെഹ്ഫിൽ മാതൃകയിൽ കാണികളുമായി സംവദിക്കും.