കോലഞ്ചേരി: കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച അദ്ധ്യാപക രക്ഷാകർതൃസമിതിക്കുള്ള അവാർഡ് പു​റ്റുമാനൂർ ഗവ. യു.പി സ്‌കൂൾ പി.ടി.എയ്ക്ക്. സ്കൂളിൽ കഴിഞ്ഞ വർഷം പ്രീ- പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 73 കുട്ടികളുണ്ടായിരുന്നത് ഒ​റ്റ വർഷം കൊണ്ട് 161ആയി വർദ്ധിച്ചിരുന്നു. കഴിഞ്ഞ അദ്ധ്യയനവർഷം നടത്തിയ അക്ഷരമഹോത്സവം, വരയും കുറിയും, ഫ്രൂട്ട്‌കെയ്‌സ്, അമ്മക്കറി തുടങ്ങിയ നൂതനവും വ്യത്യസ്തവുമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. പഞ്ചായത്ത് അംഗം ഷാജി ജോർജ്, പി.ടി.എ പ്രസിഡന്റ് പി.കെ.ആനന്ദകുമാർ, മാതൃസംഘം അദ്ധ്യക്ഷ സുജ സുരാഗ് , ഹെഡ്മിസ്ട്രസ് പി.അമ്പിളി തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.