t

തൃപ്പൂണിത്തുറ: വേമ്പനാട്ടുകായലാകെ പോളപ്പായലാൽ മൂടപ്പെട്ടതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിറയുന്നത് പട്ടിണിയും കണ്ണീരും. ചെറുവള്ളങ്ങളിൽ മിക്കവയും പാലയിൽ പൂണ്ടിരിക്കുന്നു. വിശപ്പടക്കാനുള്ള വകതേടി വള്ളം ഇറക്കിയ പലരുടെയും 25,000 രൂപയോളം വിലയുള്ള 'ഒഴുക്കു വല" പായലിൽ ഉടക്കി നശിച്ചു.

തണ്ണീർമുക്കം ബണ്ട് ഭാഗത്തുനിന്നെത്തുന്ന വലിയ പോളപ്പായൽ തീരപ്രദേശത്ത് അടിഞ്ഞതാണ് തിരിച്ചടി. കനത്ത മഴയിൽ എക്കൽ അടിഞ്ഞ് കായലിന്റെ ആഴം രണ്ടു മീറ്ററോളം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ഉദയംപേരൂരിലെ തേരക്കൽ ഫിഷ് ലാൻഡിംഗ് സെന്റർ മുതൽ പൂത്തോട്ട വരെ ചെറുവള്ളങ്ങളിൽ ഉപജീവനം നടത്തുന്ന കുടുംബങ്ങൾ 3,​500 ഓളമാണ്.

വായ്പകൾ തിരിച്ചടയ്ക്കാനോ ജപ്തി നടപടികളിൽ നിന്ന് രക്ഷപ്പെടാനോ സാധിക്കാതെ നട്ടംതിരിയുകയാണിവരിൽ പലരും; ഓണക്കാലത്തും പലരും കടന്നുപോയത് ദുരിതത്തിലൂടെ. പോളപ്പായൽ സ്വാഭാവികമായി നശിക്കണമെങ്കിൽ ഓരുവെള്ളം (ഉപ്പുവെള്ളം) കയറണം. അതിന് ഡിസംബർവഴിയുംവരെ കാക്കണം. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി പോളപ്പായൽ താത്കാലികമായി കരയിൽ കയറ്റിവയ്ക്കാനേ പഞ്ചായത്തിന് കഴിയൂ. അതിന് അധികതുക കണ്ടെത്തേണ്ടി വരും.

"തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് തുറന്നിടണമെന്നും അതുവഴി പോളപ്പായലിനെ ഉത്ഭവസ്ഥാനത്തു തന്നെ നശിപ്പിക്കണമെന്നുമുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യം അധികാരികൾ അവഗണിക്കുകയാണ്""

സി.ജി. പ്രകാശൻ,

തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ്,

മത്സ്യത്തൊഴിലാളി ഫെഡറേഷൻ.

"വേമ്പനാട്ട് കായൽ സംരക്ഷണ അതോറിറ്റി രൂപീകരിച്ചാൽ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു വേദി തുറക്കും. അതുവഴി പ്രശ്നപരിഹാരത്തിന് ആക്കം കൂടും""

പി.ആർ. തങ്കപ്പൻ,

തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി,

മത്സ്യത്തൊഴിലാളി ഫെഡറേഷൻ