weather

കൊച്ചി: കാലാവസ്ഥ വ്യതിയാനവും മഴയുടെയും കാറ്റിന്റെയും തീവ്രതയും പഠിക്കാൻ ജില്ലയിലെ 13 സ്കൂളുകളിൽ വെതർ സ്റ്റേഷനുകൾ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ) സ്ഥാപിക്കും. ദിവസവും അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കാനും രേഖപ്പെടുത്താനും കാലാവസ്ഥാ വിവരങ്ങൾ തയ്യാറാക്കാനും ഇതുവഴി കഴിയും.

സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായാണ് പൊതു വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായ വെതർ സ്റ്റേഷനുകളുടെ നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാകുകയാണ്.

സംസ്ഥാനത്തെ 250 ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ 'ജ്യോഗ്രഫി" മുഖ്യവിഷയമായ സ്കൂളുകളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കോഴിക്കോട് ആസ്ഥാനമായ സി.ഡബ്ല്യു.ആർ.ഡി.എം., കേരള ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ മാർഗനിർദ്ദേശങ്ങളും സഹകരണങ്ങളും വെതർ സ്റ്റേഷനുകൾക്ക് ലഭിക്കും.

ജില്ലയിലെ സ്കൂളുകൾ

 ജി.എച്ച്.എസ്.എസ് മട്ടാഞ്ചേരി

 ജി.എച്ച്.എസ്.എസ് പുളിയനം

 പാലിയം ജി.എച്ച്.എസ്.എസ് ചേന്ദമംഗലം

 ജി.എച്ച്.എസ്.എസ് മൂർക്കന്നൂർ

 ജി.എച്ച്.എസ്.എസ് എളങ്കുന്നപ്പുഴ

 ജി.എച്ച്.എസ്.എസ് ശിവൻകുന്ന്

 ഗവ. ബോയ്സ് എച്ച്.എസ്.എസ് പെരുമ്പാവൂർ

 ജി.എച്ച്.എസ്.എസ് നാമക്കുഴി

 ജി.ജി.എച്ച്.എസ്.എസ് എറണാകുളം സൗത്ത്

 ജി.എച്ച്.എസ്.എസ് അകനാട്

 ജി.എച്ച്.എസ്.എസ് ഇടപ്പള്ളി

 എസ്.ആ‌ർ.വി ഗവ. ഹയർസെക്കൻഡറി സ്കൂൾ

 ജി.വി.എച്ച്.എസ്.എസ് നോർത്ത് ഇടപ്പള്ളി

ഉപകരണങ്ങൾ

മഴയുടെ തോത് അളക്കുന്ന മഴമാപിനി, താപനില അറിയുന്ന തെർമോമീറ്ററുകൾ, അന്തരീക്ഷ ആർദ്രത അളക്കുന്ന വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, കാറ്റിന്റെ ദിശ അറിയുന്ന വിൻഡ് വെയ്ൻ,​ കാറ്റിന്റെ വേഗം അറിയുന്ന കപ്പ് കൗണ്ടർ അനിമോമീറ്റർ തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങളാണ് സ്‌കൂൾ വെതർ സ്റ്റേഷനുകളിലും ഉപയോഗിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാദേശിക കാലാവസ്ഥ മനസിലാക്കുന്നതിനും ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും സാമൂഹിക പ്രതിബദ്ധതയുമുണ്ടാക്കാനും വെതർ സ്റ്റേഷനുകൾ സഹായിക്കും.

''വെതർ സ്റ്റേഷൻ ജില്ലാതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ് മൂർക്കന്നൂരിൽ നടക്കും. തീയതി തീരുമാനിച്ചിട്ടില്ല. സ്റ്രേഷനുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ജ്യോഗ്രഫി അദ്ധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്""

നിജു കെ.വേലായുധൻ.

വെതർ സ്റ്രേഷൻ ജില്ലാ കോ-ഓർഡിനേറ്റർ

ജി.എച്ച്.എസ്.എസ്,​ മൂക്കന്നൂർ