
പറവൂർ: പറവൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം വർദ്ധിക്കുന്നു. നാട്ടുവഴികൾ, മൈതാനങ്ങൾ, ബസ് സ്റ്റോപ്പുകൾ, വിദ്യാലയ മുറ്റങ്ങൾ, ഗ്രൗണ്ടുകൾ എന്നിവ നായ്ക്കൾ കയ്യടക്കിക്കഴിഞ്ഞു. സ്ഥാപനങ്ങളുടെ സമീപത്തും അലഞ്ഞു നടക്കുന്ന നായ്ക്കൂട്ടങ്ങളെ കാണാം. മേഖലയിൽ വർഷങ്ങളായി തെരുവുനായ്ക്കകളുടെ വന്ധ്യംകരണം നടപ്പാക്കുന്നില്ല. പ്രശ്നപരിഹാരത്തിന് നടപടിയെടുക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം പഴയ ഫെറിക്കടവിന് സമീപം വീട്ടമ്മയ്ക്കു തെരുവുനായയുടെ കടിയേറ്റത്. പുത്തൻവേലിക്കര, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര മേഖലകളിലും നായശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം നായ ചാടിയതിനെത്തുടർന്ന് ചേന്ദമംഗലം സ്വദേശി പി.എസ്.സുനിൽകുമാറിന്റെ വണ്ടി മറിഞ്ഞിരുന്നു.ചേന്ദമംഗലം പാലിയം ഭാഗം നായ്ക്കളുടെ താവളമാണ്.
ഇവിടെ തമ്പടിച്ച നായ്ക്കൾ ഇരുച്ചക്രവാഹന യാത്രികരെ പിന്നാലെ പാഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം വെടിമറ സ്വദേശി അബ്ദുൾ ജലീലിന്റെ ബൈക്കിന് കുറുകെ നായ ചാടി അപകടമുണ്ടാക്കിയിരുന്നു. ബൈക്ക് മറിഞ്ഞതിനെ തുടർന്ന് കൈയൊടിഞ്ഞ അബ്ദുൾ ജലീലിൽ ചാലാക്ക ആശുപത്രിയിൽ ചികിത്സയിലാണ്.
പുത്തൻവേലിക്കര സ്വദേശികളായ കുടുംബം സഞ്ചരിച്ച ഇരുചക്രവാഹനത്തിനു നേരെ ചാടിയ നായ പിന്നിലിരുന്ന സ്ത്രീയുടെ വസ്ത്രത്തിൽ കടിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെറുതും വലുതുമായ തെരുവു നായ ആക്രമണങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. രാത്രി സഞ്ചരിക്കുന്നവർ പലരും കയ്യിൽ വടിയുമായാണ് നടക്കുന്നത്. സ്കൂൾ കുട്ടികളുടെ കൂടെ രക്ഷിതാക്കളും പോകേണ്ട അവസ്ഥയാണ്. വിദ്യാലയ മുറ്റങ്ങളും തെരുവുനായ്ക്കൾ താവളമാക്കുന്നു. സർക്കാർ വിദ്യാലയങ്ങളുടെ സംരക്ഷണം തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമായതിനാൽ നായ്ക്കളെ ഒഴിവാക്കേണ്ട ബാധ്യതയും അവർക്കുണ്ട്. നഗരത്തിൽ ചന്ത, കച്ചേരി മൈതാനം, പൊട്ടൻ തെരുവ്, കിഴക്കേപ്രം, വഴിക്കുളങ്ങര, തോന്ന്യകാവ്, പെരുവാരം തുടങ്ങി ഒട്ടേറെ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് നായശല്യം വർദ്ധിക്കാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വീടുകളിൽ നിന്ന് നഗരസഭ ശേഖരിച്ചു റോഡരികിൽ കൂട്ടിവയ്ക്കുന്ന മാലിന്യ ചാക്കുകളും നായ്ക്കൾ കടിച്ചു വലിക്കുന്നു. പുഴയിൽ ഒഴുക്കുന്ന അറവ് മാലിന്യം കഴിച്ചിരുന്ന നായ്ക്കൾ ഇത് കിട്ടിതായായപ്പോൾ റോഡുകളിലും വീടുകളിലേയ്ക്കും കയറിത്തുടങ്ങി. വീടുകളിൽ വളർത്തുന്ന പ്രായമായതും രോഗങ്ങൾ വന്നതുമായ നായ്ക്കളെ വഴിയരികിൽ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്.