dogs

നെടുമ്പാശേരി: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പ്രോഗ്രാം പ്രകാരം ജില്ലയിൽ സ്ഥാപിച്ച ആദ്യ കേന്ദ്രവും പ്രവർത്തനരഹിതം. ആറ് വർഷം മുമ്പ് കുന്നുകര പഞ്ചായത്തിലാണ് എ.ബി.സി കേന്ദ്രം തുറന്നത്.

തെരുവുനായ, പേവിഷബാധ ശല്യത്തിൽ നിന്ന് പൂർണ മുക്തി നേടുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് അഞ്ച് ലക്ഷം രൂപ ചെലവിൽ കുന്നുകര മൃഗാശുപത്രിയോട് ചേർന്നാണ് ആധുനിക രീതിയിലെ ഓപ്പറേഷൻ തീയേറ്റർ ഉൾപ്പെടെ സജ്ജമാക്കിയത്. വിദഗ്ദ്ധ പരിശീലനം നേടിയ ഡോഗ് ക്യാച്ചർ വഴി പിടികൂടുന്ന നായ്ക്കളെ ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തിയശേഷം പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ സംരക്ഷിക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. നായ്ക്കളെ ദത്തെടുക്കാനും സൗകര്യമുണ്ടായിരുന്നു. എന്നാൽ

ഏതാനും നാളുകൾ മാത്രമാണ് കേന്ദ്രം പ്രവർത്തിച്ചത്. കേന്ദ്രം സജ്ജീകരിക്കാൻ മുൻകയ്യെടുത്ത അന്നത്തെ ഡോ.ലാൽജിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതോടെ എ.ബി.സി പദ്ധതിക്കും വിരാമമാകുകയായിരുന്നു. പിന്നീടുവന്ന മൃഗഡോക്ടർമാരെല്ലാം സർജൻമാർ അല്ലാതിരുന്നതും പദ്ധതിക്ക് വിഘാതം സൃഷ്ടിച്ചു. പരിശീലനം നേടിയ സർജൻമാരായ മൃഗഡോക്ടർമാർക്ക് മാത്രമേ വന്ധ്യംകരണം നടത്താൻ അനുമതിയുള്ളൂ. മാത്രമല്ല രണ്ട് ക്ലീനിംഗ് സ്റ്റാഫ് ഉൾപ്പെടെ നാല് സഹായികളും വേണം. ഒരു ഡോക്ടറും ഒരു അറ്റൻഡറും മാത്രമാണ് ഇപ്പോഴുള്ളത്. എ.ബി.സി പദ്ധതിക്കായി ഒരുക്കിയിരുന്ന സൗകര്യങ്ങൾ ഇപ്പോൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്.

2016ൽ നടത്തിയ കണക്കെടുപ്പിൽ ഏകദേശം 80ഓളം തെരുവ് നായ്ക്കൾ പഞ്ചായത്തിൽ ഉണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. തെരുവുനായശല്യം നേരിടുന്നതിന് ഏത് വിധത്തിലെ സൗകര്യവും ഒരുക്കാൻ പഞ്ചായത്ത് സന്നദ്ധമാണെന്ന് പ്രസിഡന്റ് സൈന ബാബു പറഞ്ഞു. അടിയന്തര നടപടിയെടുക്കണമെന്ന് സർക്കാരിനോടും കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.