land

കൊച്ചി: കൊച്ചി നഗരത്തിൽ ഒഴിഞ്ഞുകിടക്കുന്നത് 4,998 സ്ഥലങ്ങളെന്ന് യു.കെയിലെ റെഡിംഗ് യൂണിവേഴ്‌സിറ്റിയുടെയും എസ്.സി.എം.എസ് സ്കൂൾ ഒഫ് ആർക്കിടെക്ചറിന്റെയും സഹകരണത്തോടെ കൊച്ചി കോർപ്പറേഷൻ നടത്തിയ വേക്കൻഡ് ലാൻഡ് സർവേയിലെ കണ്ടെത്തൽ.

ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലധികം 15 സെന്റിൽ കൂടുതലാണ്. അന്യസംസ്ഥാന ത്തൊഴിലാളികൾക്കും കേരളത്തിലെ മറ്റിടങ്ങളിൽ നിന്ന് കൊച്ചിയിലെത്തുന്നവർക്കും മെച്ചപ്പെട്ട താമസസൗകര്യം മിതമായ നിരക്കിൽ ലഭ്യമാക്കാനുള്ള നയം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച റാപ്പിഡ് റെസ്‌പോൺസ് പോളിസി എൻഗേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് സർവേ.
സർവേയിൽ കണ്ടെത്തിയ വിവരങ്ങൾ മേയർ എം. അനിൽകുമാറിന് എസ്.സി.എം.എസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ പ്രൊഫ. പ്രമോദ് പി. തേവന്നൂരും റെഡിംഗ് യൂണിവേഴ്‌സിറ്റി അർബൻ പ്ലാനിംഗ് വിഭാഗം മേധാവി പ്രൊഫ.ഡോ. അഞ്ജലിക് ചെട്ടിപ്പറമ്പും ചേർന്ന് കൈമാറി. എസ്.സി.എം.എസ് സ്കൂൾ ഒഫ് ആർക്കിടെക്ച്ചർ അസി.പ്രൊഫ.ആർ. എൽവിൻ മാർട്ടിൻ സർവേ കണ്ടെത്തലുകൾ അവതരിപ്പിച്ചു.
ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.ആർ. റെനീഷ്, ഷീബാലാൽ, സുനിത ഡിക്‌സൺ, പ്രിയ പ്രശാന്ത്, പ്രൊഫ. അനിൽ രവീന്ദ്രനാഥൻ, പ്രൊഫ. ജോൺ കുരുവിള, സി.ഹെഡ് ഡയറക്ടർ ഡോ. രാജൻ ചേടമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.