peesvaly

മൂവാറ്റുപുഴ: അഞ്ച് മാസത്തെ ആശുപത്രി വാസത്തിന് അറുതി. തങ്കമ്മയ്ക്ക് തണലേകാൻ പീസ് വാലി എത്തി. മകൻ കൈയൊഴിഞ്ഞ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 70 വയസുകാരിയായ തങ്കമ്മയെയാണ് പീസ് വാലി ഏറ്റെടുത്തത്. ആശുപത്രിയിൽ നിന്ന് പീസ് വാലിയിലെ സന്നദ്ധ പ്രവർത്തകരോടൊപ്പം പുറപ്പെടുമ്പോൾ നിർവികാരതയായിരുന്നു തങ്കമ്മയുടെ മുഖത്ത്.

കോതമംഗലം വാരപ്പെട്ടി കാക്കാട്ടൂർ സ്വദേശിനിയാണ് തങ്കമ്മ. രണ്ട് മക്കളിൽ ഒരു മകൻ നേരത്തെ മരിച്ചു. മറ്റൊരു മകൻ ദൂരെയെവിടെയോ ഭാര്യ വീട്ടിൽ മൂന്ന് പെണ്മക്കളോടൊപ്പവും. ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമ്മ നിരന്തരമായ അസുഖങ്ങളെ തുടർന്നാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. കൂട്ടിരിപ്പിന് അരുമില്ലാതെ നാളുകൾ കടന്നുപോയി. ആശുപത്രിയിൽ എത്തുന്ന മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരാണ് തങ്കമ്മയെ സഹായിച്ചിരുന്നത്. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു തങ്കമ്മ. തങ്കമ്മയുടെ ദയനീയാവസ്ഥ കണ്ട , രോഗികളുടെ കൂട്ടിരിപ്പുകാരാണ് വിഷയം വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ള പൊതുപ്രവർത്തകരെ അറിയിച്ചത്. വിവരമറിഞ്ഞ പീസ് വാലി പ്രവർത്തകർ തങ്കമ്മയെ ആശുപത്രിയിൽ സന്ദർശിച്ചു. തങ്കമ്മയുടെ ദുരവസ്ഥ ബോദ്ധ്യമായതോടെ സ്ഥലപരിമിതിക്കിടിയിലും ഇവർക്ക് പീസ് വാലിയിലെ സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രത്തിൽ അഭയം നൽകാൻ തയ്യാറാവുകയായിരുന്നു. വിഷയം മൂവാറ്റുപുഴ ആർ.ഡി.ഒയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നിയമനടപടികൾക്കുശേഷം തങ്കമ്മയെ പീസ് വാലി പ്രവർത്തകർ ഇന്നലെ ഏറ്റെടുത്തു. ആർ.ഡി. ഒ പി.എൻ. അനിയും തങ്കമ്മയെ യാത്രയാക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു. വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. ചന്ദ്രശേഖരൻ നായർ, നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.എം.അബ്ദുൽ സലാം, പീസ് വാലി ഭാരവാഹികളായ കെ.എ.ഷെമീർ, കെ.എം.ഷംസുദ്ധീൻ, എന്നിവർ സന്നിഹിതരായി. പീസ് വാലിയിൽ എത്തിയ തങ്കമ്മയെ സ്വീകരിച്ചതും ആദ്യം ആശ്വസിപ്പിച്ചതും തൊണ്ണൂറ്റിയൊന്ന് വയസ് പിന്നിട്ട അന്തേവാസി പാറുകുട്ടിയമ്മയായിരുന്നു. ഞങ്ങളൊക്കെ ഉണ്ടെട്ടോ ഇവിടെ. ഒന്നുംപേടിക്കേണ്ട എന്ന് പാറുക്കുട്ടിയമ്മ പറഞ്ഞപ്പോൾ നാളുകൾക്കുശേഷം തങ്കമ്മയുടെ മുഖത്ത് ചിരി വിടർന്നു. കണ്ടുനിന്നവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചയായും അതു മാറി.