വൈപ്പിൻ: യുവതലമുറയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി മുനമ്പം പൊലീസ് . എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ആവിഷ്‌കരിച്ചു നടപ്പാക്കുന്ന 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായാണ് വെളിച്ചവുമായി വീട്ടിലേക്ക് എന്ന കാമ്പയിൻ ആരംഭിച്ചത്.
ഇന്നലെ മുനമ്പം രവീന്ദ്രൻ പാലത്തിന് സമീപം മുനമ്പം ഡി.വൈ.എസ്.പി എം.കെ.മുരളി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഓരോ ദിവസവും വാർഡുകൾ തോറും പരിപാടി സംഘടിപ്പിക്കും.
ഇന്ന് ചെറായി രാമവർമ യൂണിയൻ സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ റാലിയോടെ ബോധവത്കരണം ആരംഭിക്കും. മാല്യങ്കര എസ്.എൻ.എം കോളജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബ് , മുനമ്പം പൊലീസിന്റെ പദ്ധതിയായ യൂത്ത് ഫോർ സ്‌പോർട്‌സിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ എന്നിവ നടത്തും.
സ്റ്റേഷൻ പരിധിയിലെ പ്രധാന വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആന്റിനർക്കോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. വാർഡുകൾതോറും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കൂട്ടായ്മകൾ സംഘടിപ്പിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയെടുക്കും. മയക്കുമരുന്ന് ഉപയോഗവും വിതരണവും നടക്കാനിടയുള്ള ഒഴിഞ്ഞ വീടുകളിലും കാടുപിടിച്ച സ്ഥലങ്ങളിലും തദ്ദേശവാസികളുടെ സഹകരണത്തോടെ കർശന പരിശോധന നടത്തുമെന്നും മുനമ്പം സി.ഐ യേശുദാസ് അറിയിച്ചു.