കൊച്ചി: ഓണാവധിക്ക് പിന്നാലെ കോതമംഗലം കെ.എസ്.ആർ.ടി.സിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ. ഓണം അവധി കഴിഞ്ഞശേഷമുള്ള തിങ്കളാഴ്ച കോതമംഗലം ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയ ബസുകളിൽനിന്ന് 10 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം നേടാനായി. ഡിപ്പോയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം 10ലക്ഷത്തിലധികം രൂപ കളക്ഷനായി ലഭിക്കുന്നത്.
പ്രത്യേക സർവീസുകൾ അടക്കം 48 സർവീസുകളാണ് തിങ്കളാഴ്ച നടത്തിയത്. ഈ 48 ബസുകൾ ആകെ 17,388 കിലോമീറ്ററുകൾ സഞ്ചരിച്ച് 10,62,933 രൂപയാണ് കളക്ഷൻ നേടിയത്. ഓണം പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് മുൻകൂട്ടി കണ്ട് പ്രത്യേക സർവീസുകൾ ക്രമീകരിച്ചതാണ് ഈ നേട്ടത്തിലേക്ക് നയിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് സുൽത്താൻബത്തേരി സൂപ്പർഫാസ്റ്റ് സർവീസിനാണ്, 50,300 രൂപ. അഡിഷണൽ കാസർഗോഡ് സൂപ്പർ ഡീലക്‌സ് സർവീസിൽനിന്ന് 47,754 രൂപയും ഫാസ്റ്റ് പാസഞ്ചർ വിഭാഗത്തിൽ പാലക്കാട് സർവീസിൽനിന്ന് 34,441 രൂപയും ലഭിച്ചു. ഓർഡിനറി വിഭാഗത്തിൽ കോതമംഗലം- എറണാകുളം സർവീസിൽനിന്ന് ലഭിച്ചത് 26195 രൂപയാണ്.