തൃക്കാക്കര: ലഹരിക്കെതിരെ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ബോധവത്കരണം നടത്താൻ നേതൃത്വം നൽകിയ പട്ടികജാതി വകുപ്പിലെ സീനിയർ ക്ലർക്ക് ആയിരുന്ന എസ്.ശ്രീനാഥിനെ വിമുക്തി മിഷൻ ജില്ലാ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസിന്റെ നേതൃത്വത്തിൽ ആദരിച്ചു. നിലവിൽ കൽപ്പറ്റ പട്ടികജാതി ഓഫീസറാണ് ശ്രീനാഥ്.

വിമുക്തി മിഷനുമായി സഹകരിച്ചാണ് ശ്രീനാഥ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ രണ്ട് മുതൽ പതിനാറുവരെ മൂവാറ്റുപുഴ, അങ്കമാലി, വാഴക്കുളം, കോതമംഗലം എന്നീ മേഖലകളിൽ ജില്ലാ പട്ടികജാതി വികസന ഓഫീസ് ബോധവത്കരണം നടത്തിയിരുന്നു. പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വ്യാപകമാവുന്നുണ്ടെന്ന അഭിപ്രായങ്ങളെ തുടർന്ന് തൃപ്പുണിത്തുറ, കുന്നത്തുനാട്, പെരുമ്പാവൂർ, മൂവാറ്റുപുഴ,പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ച് നിരവധി ലഹരി ബോധവത്കരണ ക്ലാസുകളാണ് സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ ക്ലാസിന്റെ രണ്ടാം ഘട്ടമായ മുഖാമുഖം പരിപാടി എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ചു നടപ്പിലാക്കിയിരുന്നു.