1

കൊച്ചി: ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി എ.എസ്.ഐയെ ചവിട്ടി വീഴ്‌ത്തിയെന്ന കേസിൽ പ്രതിയായ ഗുരുവായൂർ ചൂണ്ടൽ സ്വദേശി വിൻസണിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാനസിക പ്രശ്‌നങ്ങളെ തുടർന്ന് പ്രതി ചികിത്സയിലാണെന്നത് വിലയിരുത്തിയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ആൾജാമ്യക്കാരിൽ ഒരാൾ പ്രതിയുടെ സഹോദരനായിരിക്കണം.

പൊലീസ് സ്റ്റേഷനിലെ അതിക്രമങ്ങളെത്തുടർന്നു സർക്കാരിന് 15,000 രൂപയുടെ നഷ്ടമുണ്ടായെന്ന പബ്ളിക് പ്രോസിക്യൂട്ടർ അറിയിച്ചു. വിചാരണക്കോടതിയിൽ തുക രണ്ടാഴ്‌ചയ്ക്കകം കെട്ടിവയ്ക്കണം. ഭാര്യയും സഹോദരനും ഇയാളുടെ ചികിത്സ ഉറപ്പാക്കണം. ശനിയാഴ്ചകളിൽ രാവിലെ പ്രതി പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ അക്കാര്യം ഭാര്യ പൊലീസിൽ അറിയിക്കണം എന്നീ ജാമ്യ വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു കേസിൽ പൊലീസ് വിളിപ്പിച്ചതിന് ആഗസ്റ്റ് 22ന് ഉച്ചയ്ക്കാണ് വിൻസൺ ഗുരുവായൂർ സ്റ്റേഷനിൽ എത്തിയത്. കാറിൽ നായയുമായെത്തിയ ഇയാൾ സ്റ്റേഷൻ വളപ്പിൽ അതിക്രമം കാട്ടിയെന്നാണ് കേസ്. തടയാൻ ചെന്ന എ.എസ്.ഐയെ വിൻസൺ ചവിട്ടിവീഴ്‌ത്തിയെന്നും പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകർക്കാൻ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കിയതാണെന്നും വിൻസൺ ജാമ്യാപേക്ഷയിൽ വാദിച്ചു. കേസ് ഡയറി പരിശോധിച്ച സിംഗിൾബെഞ്ച് പ്രോസിക്യൂഷന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തി. ആഗസ്റ്റ് 22 മുതൽ റിമാൻഡിലാണെന്നും മാനസിക പ്രശ്നങ്ങളുള്ളയാൾ ജയിലിൽ തുടരുന്നത് രോഗാവസ്ഥ വഷളാക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. പ്രതിയുടെ ഭാര്യയെയും സഹോദരനെയും കോടതി വിളിച്ചുവരുത്തിയിരുന്നു. ജാമ്യം അനുവദിച്ചാൽ ഹർജിക്കാരനു മതിയായ ചികിത്സ നൽകാമെന്നു ഇവർ ഉറപ്പു നൽകി. തുടർന്നാണ് ജാമ്യം അനുവദിച്ചത്.