കോലഞ്ചേരി: പട്ടിമറ്റത്തെ എ.ടി.എമ്മുകൾ കൂട്ടത്തോടെ പണിമുടക്കി. ഭായിമാർ പണികൊടുത്തതാകാമെന്ന് ബാങ്ക് അധികൃതർ. ഓണംഅവധികൾ തുടങ്ങുന്ന ദിവസം മുതൽ തുടങ്ങിയ പണിമുടക്കായതിനാൽ നാട്ടുകാർ വട്ടംചുറ്റി. ഒരു ബാങ്കിന്റെ എ.ടി.എം എട്ടിന്റെ പണിയും നാട്ടുകാർക്ക് കൊടുത്തു. കാർഡ് ഉപയോഗിച്ച് എടുക്കുന്ന തുക അക്കൗണ്ടിൽനിന്ന് പോയെങ്കിലും ആർക്കും തുക ലഭിച്ചില്ല. തുക പോയതായി മെസേജ് ലഭിച്ചവർ ആശങ്കയോടെ എ.ടി.എമ്മുകളിൽ ഉള്ള ബാങ്ക് അധികൃതരുടെ ഫോൺ നമ്പറുകളിൽ വിളിച്ചെങ്കിലും അടിയന്തര നടപടിയുണ്ടായില്ല. അക്കൗണ്ടിൽ പണം കുറച്ചുള്ള പ്രായമായവരടക്കം ഇതോടെ നന്നേ ബുദ്ധിമുട്ടി. വേറെ പണവും കൈയിലില്ല, ഉള്ളത് പോവുകയും ചെയ്തതോടെ കടം വാങ്ങി ഓണം ആഘോഷിക്കേണ്ട ഗതികേടും പലർക്കുമുണ്ടായി.
അവധി കഴിഞ്ഞ് തിങ്കളാഴ്ച ബാങ്കുകൾ തുറന്നെങ്കിലും എ.ടി.എം തകരാറുകൾ പരിഹരിച്ച് വരുന്നതേയുള്ളൂ. പ്രവർത്തനം പുനരാരംഭിച്ച എ.ടി.എമ്മുകൾക്ക് മുന്നിൽ നീണ്ട ക്യൂവുമായി. അക്കൗണ്ടിൽ നിന്ന് പോയിട്ടും പണം ലഭിക്കാത്തവർ പരിഭ്രാന്തരാകേണ്ടെന്നും എ.ടി.എം തകരാർ പരിഹരിച്ചശേഷം അക്കൗണ്ട് സെറ്റിൽമെന്റ് നടത്തി കഴിയുമ്പോൾ നഷ്ടപ്പെട്ട പണം അക്കൗണ്ടിൽ തിരികെ എത്തുമെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. ആധുനികവത്ക്കരിച്ച എ.ടി.എമ്മുകളിൽ ശരിയായ രീതിയിൽ ഉപയോഗം നടത്താത്തതിനാലാണ് അടിക്കടി എ.ടി.എമ്മുകൾ പണിമുടക്കുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എ.ടി.എം നൽകുന്ന കമാൻഡുകൾ ശ്രദ്ധിക്കാതെ കാർഡുകൾ സ്ളോട്ടിൽനിന്ന് ബലം പ്രയോഗിച്ച് എടുക്കാൻ ശ്രമിക്കുമ്പോഴാണ് മെഷീനുകൾ തകരാറിൽ ആകുന്നത്. ചില എ.ടി.എമ്മുകളിൽ ഇടപാടുകൾ പൂർത്തിയായി അല്പസമയത്തിനുശേഷമേ കാർഡുകൾ തിരികെ ലഭിക്കുകയുള്ളൂ ഇതറിയാതെ കാർഡ് ബലം പിടിച്ച് തിരിച്ചെടുക്കുന്നതാണ് പലപ്പോഴും മെഷീൻ തകരാർ ആകുന്നതിന് കാരണം. ഭായിമാർ ഏറെയുള്ള മേഖലയിൽ ഇവരിൽ പലക്കും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരുണ്ട്. ഇവർ മെഷീൻ നൽകുന്ന കമാൻഡുകൾ മനസിലാക്കാതെ എ.ടി.എം ഉപയോഗിക്കുന്നുണ്ട്. ഇവരാകാം മെഷീൻ തകരാറിലാക്കുന്നതെന്നാണ് അധികൃതർ കരുതുന്നത്. നേരത്തെ എ.ടി.എമ്മുകൾക്ക് മുന്നിൽ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നു. ഇവരായിരുന്നു ഉപയോഗം അറിയാത്തവരെ സഹായിച്ചിരുന്നത്. എന്നാൽ എ.ടി.എമ്മുകൾ നിയന്ത്രിക്കുന്ന അതിവിദുര സംവിധാനങ്ങൾ വന്നതോടെ ബാങ്കുകൾ സെക്യൂരിറ്റി ജീവനക്കാരെ പിൻവലിച്ചതും ഈ ദു:സ്ഥിതിക്ക് കാരണമായി.