കൊച്ചി: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി വിപുലമാക്കാൻ കൊച്ചി നഗരസഭ നടപടിയാരംഭിച്ചു. നായകളെ പിടികൂടുന്നതും വന്ധ്യംകരിക്കുന്നതും രണ്ടു ഷിഫ്റ്റുകളിൽ നടത്തും. രണ്ടു ദിവസമായി പത്തു നായ്ക്കളെ വീതം എ.ബി.സി കേന്ദ്രത്തിലേക്ക് എത്തിക്കുന്നുണ്ട്. നിലവിൽ പുലർച്ചെ മാത്രം നായകളെ പിടിക്കുന്നത് രണ്ട് ഷിഫ്റ്റാക്കാനുള്ള ആലോചനയിലാണ് അധികൃതർ.

2022-23 സാമ്പത്തിക വർഷത്തിൽ 33 ലക്ഷം രൂപയാണ് ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്കായി കോർപ്പറേഷൻ വകയിരുത്തിയത്. ശമ്പളം, മരുന്ന്, ഉപകരണങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് തുക ചെലവഴിക്കുന്നത്. ഒരു നായയെ വന്ധ്യംകരിക്കാനും പ്രതിരോധ കുത്തിവയ്പു നൽകാനുമായി ഏകദേശം 4000 രൂപയോളം കോർപ്പറേഷൻ ചെലവാക്കുന്നുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനായി ബ്രഹ്മപുരത്ത് കോർപ്പറേഷന്റെ എ.ബി.സി കേന്ദ്രം പ്രവർത്തിക്കുന്നു. നിലവിൽ രണ്ട് ഡോക്ടർമാരും മൂന്ന് ഡോഗ് ക്യാച്ചർമാരുമാണ് ഇവിടെ ജോലി നോക്കുന്നത്. ഒരു ദിവസം ആറു നായ്ക്കളെ വന്ധ്യംകരിക്കുന്നതിനു സൗകര്യമുണ്ട്.

ചെലവഴിച്ചത് മൂന്നു കോടി

എ.ബി.സി പദ്ധതിക്കായി 2016 മുതൽ ഇതുവരെ ഒന്നര കോടി രൂപ കോർപ്പറേഷൻ ചെലവഴിച്ചു.

വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ പദ്ധതിയിലെ ജീവനക്കാർക്ക് വേതനം നൽകാൻ ഒന്നര കോടി രൂപയോളവും ചെലവഴിച്ചു.

7218 വന്ധ്യംകരിച്ച നായ്ക്കളുടെ എണ്ണം.

8254 വാക്‌സീൻ കുത്തിവച്ചവ

പ്രശ്നക്കാരായി കുടിയേറ്റക്കാർ

2015ൽ പദ്ധതി തുടങ്ങുമ്പോൾ കോർപ്പറേഷൻ പരിധിയിൽ 6000 നായ്ക്കളാണ് ഉണ്ടായിരുന്നത്. കൊവിഡ് കാലം കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഗ്രാമങ്ങളിൽ നിന്ന് നായ്ക്കൾ നഗരത്തിലെത്തി. നഗരത്തിൽ ഭക്ഷണം കിട്ടുന്നതിനാൽ നായകൾ ഇവിടെ തുടർന്നു. അറവു മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തെരുവിൽ തള്ളുന്നതും നായ ശല്യം വർദ്ധിപ്പിച്ചു. നിലവിലെ തെരുവു നായ്ക്കളുടെ എണ്ണം കണ്ടെത്താൻ സർവേ നടത്തും.

ടി.കെ. അഷ്റഫ്

ആരോഗ്യസ്ഥിരം സമിതി ചെയർമാൻ

തെരുവു നായ്ക്കളെ ഭയന്ന് വിദ്യാർത്ഥികൾ

തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി കലൂരിലെ സ്കൂൾ വിദ്യാർത്ഥികൾ. അശോക റോഡ്, കാട്ടയിൽ റോഡ്, മാരുതിസ്വാമി റോഡ് എന്നിവിടങ്ങളിലാണ് നായ ശല്യം രൂക്ഷമായത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നാണ് പരാതി.

രണ്ട് മാസം മുമ്പ് ഒരു കുട്ടിയെ പട്ടി കടിച്ചതോടെയാണ് നായപ്പേടിയുടെ തുടക്കം. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആറാം ക്ളാസ് വിദ്യാർത്ഥി ആരോൺ പൊറ്റക്കുഴി കൗൺസിലർ സി.എ. ഷക്കീറിന് കത്തു നൽകി. എട്ട് വിദ്യാർത്ഥികളും ഇതിൽ ഒപ്പിട്ടിരുന്നു. ഷക്കീർ കൗൺസിലിൽ അറിയിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല.

ഇടപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ പലയിടങ്ങളും നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു.