തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ അംഗീകാരം നേടാതെ പദ്ധതികൾ നടത്തുന്നതിനെതിരെ സി.എ.ജി. നഗരസഭയിൽ ഡിവിഷൻ ഫണ്ടെന്നപേരിൽ അംഗീകാരം നേടാതെ 12.99 കോടിരൂപ ചെലവിട്ടതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു. 2019-20 ,2020-21 കാലഘട്ടത്തിലാണ് പ്രധാനമായും ചട്ടലംഘനം.
പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ശേഷിക്കുന്ന വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗരേഖ പ്രകാരം ഭരണചെലവുകൾക്കും അത്യാവശ്യ ചെലവുകൾക്കും ആവശ്യമായ തുക ഒഴികെ 25% വരെ വാർഷിക പദ്ധതികളുടെ ഭാഗമല്ലാത്ത അടിയന്തര പദ്ധതികൾക്ക് നീക്കിവെയ്ക്കാവുന്നതാണ്. എന്നാൽ തൃക്കാക്കര നഗരസഭാ തനത് ഫണ്ടിൽ നിന്ന് ഭരണപരമായ തുകകൾ ബജറ്റിൽ വകയിരുത്തിയതിനും അവശേഷിച്ച തുകയിലെ 25% മാറ്റിവച്ചതിനുശേഷം ബാക്കിവരുന്ന തുക വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നില്ല.പകരം ഡിവിഷൻ ഫണ്ടെന്ന പേരിൽ തുക വാർഡ് കൗൺസിലർമാരുടെ നിർദേശാനുസരണം ചെലവഴിക്കുകയാണ്. ബാക്കിവരുന്ന തുക ജനറൽ ഫണ്ടെന്ന പേരിലും ചിലവഴിക്കുന്നു. 2019-20ലെ 7.6 കോടിയും 2020-21ലെ 5.03 കോടി ഉൾപ്പടെ 12.99 കോടിരൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താതെ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടാതെയുമാണ് ചിലവഴിച്ചിരിക്കുന്നത്.
# നടപടി ക്രമം
പദ്ധതികൾ വാർഡ് സഭകളുടെ അംഗീകാരത്തോടെ മുൻഗണന അനുസരിച്ച് വർക്കിംഗ് ഗ്രൂപ്പ്, വികസന സെമിനാർ, കൗൺസിൽ തീരുമാനം ജില്ലാ ആസൂത്രണ സമിതി എന്നിവയുടെ അംഗീകാരം തേടണം. എന്നാൽ തൃക്കാക്കരയിൽ ധനകാര്യ- പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റികളുടെയും കൗൺസിലിന്റെയും അംഗീകാരം മാത്രം തേടി വർക്കുകൾ ടെൻഡർ ചെയ്യുന്നു. അനുവദനീയമായ പദ്ധതി ചെലവുകൾക്ക് ശേഷമുള്ള തുകകൾ പദ്ധതി ഫണ്ടായി ഉപയോഗിക്കുന്നതിന് പകരം ഡിവിഷൻ ഫണ്ടെന്നപേരിൽ ചട്ടവിരുദ്ധമായി ചെലവഴിക്കുന്നു.