ആലുവ: കുടുംബ വഴക്കിനെ തുടർന്നുണ്ടായ കയ്യാങ്കളിക്കിടെ നിലത്തുവീണ യുവാവ് മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിൽ മുറിവും ഉണ്ടായിരുന്നു. അശോകപുരം ഗാന്ധിനഗർ കോളനി തൈക്കാവിന് സമീപം കോളായി വീട്ടിൽ മഹേഷി (44) ന്റെ മൃതദേഹം ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജനാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

വൈകിട്ട് കീഴ്മാട് ശ്മശാനത്തിൽ സംസ്കരിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ വീട്ടിൽ മാതൃസഹോദരൻ മണിയുമായുണ്ടായ വഴക്കിനെ തുടർന്നാണ് മഹേഷ് നിലത്തുവീണത്. ഉടൻ അശോകപുരം കാർമ്മൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയും കൂടെയുണ്ടായിരുന്ന മകനും ഒളിവിലാണെന്ന് എടത്തല പൊലീസ് പറഞ്ഞു.

പിതാവ് മോഹനന്റെ മരണശേഷം കുറച്ചു നാളായി മഹേഷും ഭാര്യയും കൂനമ്മാവിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. മാതാവിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗറിലെ വീടിന്റെ ആധാരം പണയപ്പെടുത്തി വായ്പയെടുത്തത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് സൂചന. നേരത്തെ ബസ് ഡ്രൈവറായിരുന്ന മഹേഷ് നിലവിൽ കോളനിപ്പടിയിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്.