a
അശമന്നൂർ പഞ്ചായത്ത് പ്രതിപക്ഷ മെമ്പർമാർ ഗാന്ധി പ്രതിമക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധിക്കുന്നു

കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിലെ ഐ.സി.ഡി.എസ് അങ്കണവാടികളിലെ വർക്കർമാരേയും ഹെൽപ്പർമാരേയും തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരണത്തിൽ പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ പ്രതിഷേധിച്ച് അശമന്നൂർ ഗ്രാമപഞ്ചാത്ത് കമ്മിറ്റി യോഗത്തിൽ പ്രതിഷേധം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുതിയ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ പേര് വിവരങ്ങൾ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചതോടെ പ്രതിപക്ഷത്തെ പി.കെ. ജമാൽ, ജിജു ജോസഫ്, പി.പി. രഘുകുമാർ, സുബൈദ പരീത് എന്നിവർ പ്രതിഷേധവുമായി എഴുന്നേറ്റു. ഇതോടെ പഞ്ചായത്ത് കമ്മിറ്റിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഒച്ചപ്പാടും ബഹളവുമായി. കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്ന പ്രതിപക്ഷ മെമ്പർമാർ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടർന്ന് മുൻ പഞ്ചായത്ത് കമ്മിറ്റിയുടെ മിനിട്സ് മെമ്പർമാർക്ക് നൽകാത്തതിലും മുൻ കമ്മിറ്റികളിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത് പഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശത്തെത്തുടർന്ന് രേഖകളിൽനിന്ന് ഒഴിവാക്കിയതിലും പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഒരു മണിക്കൂറോളം പ്രതിപക്ഷ മെമ്പർമാർ ഉപരോധിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്ന കമ്മിറ്റികളിൽ തീരുമാനങ്ങൾ എടുക്കാതെ മാറ്റിവച്ച പല പ്ലൈവുഡ് കമ്പനികൾക്കും പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയില്ലാതെ ലൈസൻസ് നൽകിയെന്നും പഞ്ചായത്ത് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഭരണം നടപ്പാക്കാൻ പാർട്ടി ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ മെമ്പർമാർ പറഞ്ഞു.