thodu-paravur
പഷ്ണിത്തോടിൽ മാലിന്യം നിറഞ്ഞപ്പോൾ

പറവൂർ: പറവൂർ നഗരപ്രദേശത്തുകൂടി ഒഴുകുന്ന പഷ്ണിത്തോടിൽ മാലിന്യങ്ങൾ നിറഞ്ഞു ചീഞ്ഞുനാറുന്നു. പായൽപ്പോളകൾ നിറഞ്ഞ തോട്ടിൽ ഭക്ഷ്യാവശിഷ്ടങ്ങളും, അറവു മാലിന്യങ്ങളും പ്ലാസ്റ്റിക്കും പേപ്പറും കെട്ടിക്കിടന്ന് അസഹനീയമായ ദുർഗന്ധം വമിക്കുകയാണ്. നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ കൊതുകും ഈച്ചയും പെറ്റുപെരുകി പകർച്ചവ്യാധികൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് സമീപവാസികൾ.

പെരിയാറിന്റെ കൈവഴികളായ പറവൂർ, ചെറിയപ്പിള്ളി പുഴകളെ ബന്ധിപ്പിക്കുന്ന തോടാണിത്. നഗരസഭയിലെ പറവൂത്തറ മുതൽ കോട്ടുവള്ളി പഞ്ചായത്തിലെ ചെറിയപ്പിള്ളിവരെ നാല് കിലോമീറ്ററോളം ദൈർഘ്യമുണ്ട്.

നഗരസഭയിലും പഞ്ചായത്തിലുമായി പത്തിലധികം വാർഡുകൾ തോടിന് ഇരുവശങ്ങളിലുമായുണ്ട്. രാത്രി സമയത്ത് മറ്റു സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പടെ കൊണ്ടുവന്നു തോടിന്റെ പല ഭാഗങ്ങളിൽ തള്ളുന്നുണ്ട്. തോടിന് കുറുകെ പാലങ്ങളുള്ള ഭാഗങ്ങളിലാണ് അറവുമാലിന്യങ്ങൾ കൂടുതലായി തള്ളുന്നത്. നാല് പതിറ്റാണ്ടുമുമ്പുവരെ ജലഗതാഗത പാതയായിരുന്ന ഈ തോട്ടിലൂടെയാണ് പറവൂർ, കോട്ടപ്പുറം ചന്തകളിൽനിന്ന് ഉൾപ്രദേശങ്ങളിലേക്ക് സാമഗ്രികൾ കൊണ്ടുപോയിരുന്നത്. നഗരസഭയുടെ പ്രദേശങ്ങളിലൂടെയാണ് തോടിന്റെ ഭൂരിഭാഗവും കടന്നുപോകുന്നത്. മൃഗങ്ങളുടെ ജഡംവരെ തോട്ടിൽ ഒഴുകിയെത്താറുണ്ട്.

പറവൂർ നഗരസഭ ലക്ഷങ്ങൾ മുടക്കി ഒരുതവണ വൃത്തിയാക്കി. എന്നാൽ കൃത്യമായ പരിപാലനം നടക്കാത്തതിനാൽ തോട് വീണ്ടും മലിനമാകുകയാണ്. തോടിന് സമീപത്തായി സാധാരണക്കാരായ ഒട്ടേറെ കുടുംബങ്ങളും രണ്ട് കോളനികളുമുണ്ട്. മാലിന്യങ്ങൾ കാക്കകളും പക്ഷികളും കൊത്തിവലിച്ച് വീട്ടുമുറ്റങ്ങളിലും വീടുകളിലെ ജലസ്രോതസുകളിലും കൊണ്ടുവന്നിടുന്നു. ശുദ്ധജലം പോലും മലിനമാകുന്ന സാഹചര്യമുണ്ട്. വേലിയേറ്റ സമയത്ത് പറവൂത്തറ, പെരുവാരം ഭാഗങ്ങളിൽ മാലിന്യങ്ങൾ കൂടുതലായി അടിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നു. പെരുവാരം പാലത്തിന് സമീപമുള്ള കോളനിയിൽ താമസിക്കുന്നവർക്ക് ഈ സമയത്ത് ഭക്ഷണംപോലും കഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കാൻ നഗരസഭ തയാറാകണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.