കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം ആരംഭിക്കുന്നു. സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ തുടങ്ങുന്ന ഫൈൻ ആർട്‌സ് കൺസോർഷ്യത്തിന് കീഴിലായിരിക്കും ഇത് പ്രവർത്തിക്കുക. ചുമർചിത്രകലയുടെ പരിപോഷണം, വ്യാപനം, സംരക്ഷണം എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന കേന്ദ്രത്തിലൂടെ ചുമർചിത്രകലയിലും അനുബന്ധ കലാവിഷയങ്ങളിലും സർവകലാശാലയിൽ നടക്കുന്ന പഠനഗവേഷണ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാക്കും. ക്ഷേത്രങ്ങൾ, പളളികൾ, മ്യൂസിയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കായി ചുമർചിത്രങ്ങൾ ആലേഖനം ചെയ്യുന്ന പദ്ധതികൾ ഏറ്റെടുക്കാനും നിലവിലുളള ചുമർചിത്രങ്ങളും കലാരൂപങ്ങളും സംരക്ഷിക്കുന്നതിനും പദ്ധതികൾ തയാറാക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ പറഞ്ഞു. വിവിധ കൺസൾട്ടൻസി ആവശ്യങ്ങൾക്കായി സർവകലാശാലയിൽ സെക്ഷൻ 8 കമ്പനി ആരംഭിക്കും. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ചുമർചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി സർവ്വകലാശാലയിലെ ചുമർചിത്രകലാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സാജു. ടി. എസിനെ നിയമിച്ചു.