കൊച്ചി: എം.ജി റോഡിലെ വെള്ളക്കെട്ട് നിവാരണത്തിനുള്ള പ്രത്യേക കർമ്മപദ്ധതിക്ക് മുന്നോടിയായി മേയർ എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന ആരംഭിച്ചു. ശീമാട്ടിക്ക് സമീപമായിരുന്നു പരിശോധന. കർമ്മപദ്ധതിക്ക് രൂപം നൽകാൻ കോർപ്പറേഷൻ, സി.എസ്.എം.എൽ, പി.ഡബ്ല്യു.ഡി, ഇറിഗേഷൻ, കെ.എം.ആർ.എൽ, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ എന്നിവയിലെ എൻജിനിയർമാർ ഉൾപ്പെടുന്ന ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ചു. മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു തീരുമാനം.
കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കകം എം.ജി റോഡിൽ ശീമാട്ടി മുതൽ തെക്കോട്ട് 500 മീറ്റർ നീളത്തിൽ റോഡിന് ഇരുവശത്തെയും കാനകൾ ചെളികോരി വൃത്തിയാക്കുന്ന പ്രവൃത്തി ആരംഭിക്കും. തുടർന്ന് കാനകളിലെ ഭൂമിയുടെ ചരിവ് അറിയാൻ സർവേ നടത്തും. കാനകളിലെ ചെളിയും മറ്റു തടസങ്ങളും നീക്കാൻ എത്ര മീറ്റർ ഇടവിട്ട് ചേംബറുകൾ സ്ഥാപിക്കണം, എത്ര പൈപ്പുകൾ ഇടണം എന്നിവയെ പറ്റി പഠന റിപ്പോർട്ടും തയ്യാറാക്കും. 500 മീറ്ററിലെ പ്രവൃത്തികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ കമ്മിറ്റി അടുത്ത യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വ്യാപാരി വ്യവസായി സംഘടനകൾ, ഹോട്ടൽ ഉടമകളുടെ സംഘടനകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരിക്കും കാനകൾ കോരുന്നത്. മെഴുക്കു കലർന്ന മലിനജലം കാനയിലേക്ക് ഒഴുക്കി തടസം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു.