ആലുവ: കേരള പൊലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഹരിമരുന്നുകൾക്കെതിരെ റൂറൽ ജില്ലാ പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി എസ്.പി വിവേക്‌കുമാർ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി പി.പി. ഷംസ് അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി എ.ജി. ലാൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. മുഹമ്മദ് ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.
ബിബിൻ, ഫ്രാൻസിസ് മൂത്തേടൻ തുടങ്ങിയവർ ക്ലാസെടുത്തു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്ലബുകൾ ആരംഭിക്കും. വിദഗ്ദ്ധരെയും സംഘടനകളേയും സ്‌കൂൾ പി.ടി.എകളേയും ഉൾപ്പെടുത്തി വിപുലമായ യോഗം വിളിക്കും. വീഡിയോ ചിത്രങ്ങൾവഴി ബോധവത്ക്കരണം നടത്തും. ലഹരിവിരുദ്ധ സന്ദേശയാത്രകൾ, ക്ലാസുകൾ, സൈക്കിൾ, ബൈക്ക് റാലികൾ, ഫ്ലാഷ് മോബുകൾ, തെരുവ് നാടകങ്ങൾ എന്നിവയും നടത്തിവരുന്നു.