traffic
തോട്ടക്കാട്ടുകര കടുങ്ങല്ലൂർ റോഡിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ

ആലുവ: തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡ് വികസന പദ്ധതി വീണ്ടും ഇഴയുന്നു. തർക്കങ്ങളില്ലാത്ത ഭാഗത്ത് ഒരു മാസത്തിനകം കല്ലിടൽ പൂർത്തിയാക്കുമെന്ന് സ്ഥലം എം.എൽ.എകൂടിയായ മന്ത്രി പി. രാജീവ് വ്യക്തമാക്കിയെങ്കിലും നടപടിയായി​ട്ടില്ല.

കൈയേറ്റം ഒഴിപ്പിച്ചും ആവശ്യമായ സ്ഥലം ഏറ്റെടുത്തും റോഡിന്റെ വീതി 12 മീറ്ററാക്കി ഉയർത്താണ് നിലവിലുള്ള തീരുമാനം. ഇതിനായി 200 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് 42 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. സർവേ നടത്തി കൈയേറ്റം ഒഴിപ്പിക്കേണ്ടതിന്റെയും ഭൂമി ഏറ്റെടുക്കേണ്ടതിന്റെയും രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും കൈയേറ്റക്കാർക്ക് ഇതുവരെ നോട്ടീസുപോലും നൽകിയിട്ടില്ല. നിർദ്ദിഷ്ട പദ്ധതിയുടെ ഭാഗമല്ലാത്ത മുപ്പത്തടത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസിന്റെ സാങ്കേതികത്വം ചൂണ്ടികാട്ടിയാണ് നടപടികൾ വൈകിപ്പിച്ചത്. എന്നാൽ ഹൈക്കോടതിയും കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും നടപടിയുണ്ടായിട്ടില്ല.

തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡ് വികസനത്തിന് ആലുവ, പറവൂർ ഭൂരേഖ തഹസിൽദാർമാരുടെ സംയുക്ത നടപടി ആവശ്യമാണ്. നിർദ്ദിഷ്ടപദ്ധതി പ്രദേശത്തിന്റെ പാതി ആലുവയും ബാക്കി പറവൂർ താലൂക്കിലുമാണ്. പദ്ധതി അനിശ്ചിതത്വത്തിലായതോടെ റോഡിലെ കുരുക്ക് ഓരോ ദിവസവും വർദ്ധി​ക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച വികസന പദ്ധതിയാണിത്. മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ യോഗം പൊതുവികാരം പരിഗണിച്ച് റോഡിന്റെ വീതി 12 മീറ്ററാക്കാൻ തീരുമാനിച്ചിരുന്നു. 2012- 13 വർഷം യു.ഡി.എഫ് ഭരണകാലത്ത് ബഡ്ജറ്റിൽ 455 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഭരണാനുമതി ലഭിച്ച് ഇൻവെസ്റ്റിഗേഷനും നടത്തിയതാണ്.
കാലങ്ങളായുള്ള ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാണ്. പലപ്പോഴും അരകിലോമീറ്റർ ദൂരത്തിൽവരെ വാഹനങ്ങൾ കുരുങ്ങിക്കി​ടക്കൽ പതിവാണ്.

കല്ലിടൽ പ്രഖ്യാപിച്ചിട്ട് ഒരു മാസം

റോഡ് വികസനത്തിന്റെ ഭാഗമായി സർവേ കഴിഞ്ഞ തർക്കമില്ലാത്ത ഭാഗങ്ങളിൽ സർവേക്കല്ലിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നാണ് കഴിഞ്ഞമാസം 17ന് മന്ത്രി പി. രാജീവ് പറഞ്ഞത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താനും നിർദ്ദേശം നൽകിയെങ്കിലും ഇതും നടന്നില്ല.