inflation

 റിസർവ് ബാങ്ക് വീണ്ടും പലിശഭാരം കൂട്ടിയേക്കും

കൊച്ചി: ആശങ്കയുടെ കാർമേഘം സൃഷ്‌ടിച്ച് ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം വീണ്ടും ഏഴ് ശതമാനത്തിലേക്കെത്തി. ജൂലായിൽ 6.71 ശതമാനമായിരുന്ന റീട്ടെയിൽ നാണയപ്പെരുപ്പമാണ് ആഗസ്‌റ്റിൽ അപ്രതീക്ഷിതമായി ഏഴ് ശതമാനത്തിലേക്ക് ഉയർന്നത്.

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും വിലയിരുത്തുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത് 4 ശതമാനത്തിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം. എങ്കിലും, ആറ് ശതമാനം വരെ ഉയർന്നാലും ആശങ്കവേണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ എട്ടുമാസക്കാലമായി ഇത് ആറ് ശതമാനത്തിന് മുകളിലാണുള്ളത്.

ഏപ്രിലിൽ നാണയപ്പെരുപ്പം എട്ടുവർഷത്തെ ഉയരമായ 7.79 ശതമാനത്തിലും എത്തിയിരുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാനെന്നോണം കഴിഞ്ഞ മൂന്ന് ധനനയ നിർണയയോഗങ്ങളിലായി റിസർവ് ബാങ്ക് റിപ്പോനിരക്ക് 1.4 ശതമാനം കൂട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ബാങ്കുകൾ വായ്‌പാപ്പലിശയും കൂട്ടി. ഒക്‌ടോബറിലെ യോഗത്തിലും റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് ഉയർത്തിയേക്കും.

കുറയുന്ന മൊത്തവില

മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കഴിഞ്ഞമാസം 12.41 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 11 മാസത്തെ ഏറ്റവും താഴ്ചയാണിത്. ജൂലായിൽ 13.93 ശതമാനമായിരുന്നുവെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ 17 മാസമായി മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നത് ആശങ്കയാണ്.

റീട്ടെയിൽപ്പെരുപ്പം

(റീട്ടെയിൽ നാണയപ്പെരുപ്പം - 2022ൽ)

 ജനുവരി - 6.01%

 ഫെബ്രുവരി - 6.07%

 മാർച്ച് - 6.95%

 ഏപ്രിൽ - 7.79%

 മേയ് - 7.04%

 ജൂൺ - 7.01%

 ജൂലായ് - 6.71%

 ആഗസ്‌റ്റ് - 7.00%

കേരളത്തിനും നിരാശ

ഏറെ മാസങ്ങളായി നാണയപ്പെരുപ്പം ഏറ്റവും കുറഞ്ഞ വലിയ (മേജർ) സംസ്ഥാനങ്ങളിലൊന്നായി തുടരുകയാണ് കേരളം. ഈ പെരുമ നിലനിറുത്തിയെങ്കിലും കഴിഞ്ഞമാസം കേരളത്തിലും നാണയപ്പെരുപ്പം കൂടി. 5.73 ശതമാനമാണ് കേരളത്തിൽ ആഗസ്‌റ്റിൽ റീട്ടെയിൽ നാണയപ്പെരുപ്പം. ജൂണിൽ 5.41 ശതമാനവും ജൂലായിൽ 5.36 ശതമാനവുമായിരുന്നു.

ഡൽഹി (4.16 ശതമാനം), ഹിമാചൽ പ്രദേശ് (4.88 ശതമാനം), കർണാടക (4.98 ശതമാനം), പഞ്ചാബ് (5.61 ശതമാനം), തമിഴ്നാട് (5.14 ശതമാനം) എന്നിവ കഴിഞ്ഞമാസം കേരളത്തിന്റെ മുന്നിലുണ്ട്. പശ്ചിമബംഗാൾ (8.94 ശതമാനം), തെലങ്കാന (8.11 ശതമാനം) എന്നിവിടങ്ങളിൽ നാണയപ്പെരുപ്പം കൂടുതലാണ്.

വ്യവസായ വളർച്ചയിലും ക്ഷീണം

റീട്ടെയിൽ നാണയപ്പെരുപ്പം കൂടിയതിന് പിന്നാലെ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമായി വ്യവസായിക ഉത്പാദന (ഐ.ഐ.പി) വളർച്ച ഇടിഞ്ഞു. ജൂണിലെ 12.7 ശതമാനത്തിൽ നിന്ന് നാലുമാസത്തെ താഴ്‌ചയായ 2.4 ശതമാനത്തിലേക്കാണ് ജൂലായിൽ വളർച്ച ഇടിഞ്ഞത്.

ഖനനമേഖല (നെഗറ്റീവ് 3.3 ശതമാനം), മാനുഫാക്‌ചറിംഗ് (3.2 ശതമാനം), വൈദ്യുതി (2.3 ശതമാനം) എന്നിവയുടെ വളർച്ച കുറഞ്ഞതാണ് ജൂലായിൽ തിരിച്ചടിയായത്.