
■ ശിക്ഷ തിങ്കളാഴ്ച വിധിക്കും
കൊച്ചി : ഭീകര സംഘടനയായ ഐസിസുമായി ചേർന്നു പ്രവർത്തിച്ചെന്ന കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്‌ത കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയമെന്ന ഷൈബു നിഹാർ കുറ്റക്കാരനാണെന്ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തി. വിചാരണയ്ക്കിടെ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ 19നു വിധിക്കും.
ബഹ്റൈനിൽ പരസ്യക്കമ്പനി നടത്തിയിരുന്ന ഷൈബു അവിടെ അൽ അൻസർ സലഫി സെന്ററിൽ ഐസിസ് നടത്തിയ പരിശീലന ക്ളാസുകളിൽ പങ്കെടുത്തിരുന്നു. ഇയാൾക്കൊപ്പം പങ്കെടുത്ത 12 മലയാളികളിൽ എട്ടു പേർ പിന്നീട് സിറിയയിലേക്ക് പോയി ഐസിസിൽ ചേർന്നു. ബഹ്റൈനിൽ പിടിയിലാവുമെന്ന ഘട്ടത്തിൽ ഷൈബു ഖത്തറിലേക്ക് കടന്നു. അവിടെയും പരസ്യക്കമ്പനി തുടങ്ങിയ ഇയാൾ ഐസിസുമായുള്ള ബന്ധം തുടർന്നെന്ന് എൻ.ഐ.എ കണ്ടെത്തി. ഐസിസിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി ഇയാൾ ഫണ്ടു സ്വരൂപിച്ചെന്നും സിറിയയിലേക്ക് പോകാൻ ലക്ഷ്യമിട്ട മറ്റു പ്രതികൾക്ക് തുക കൈമാറിയെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
ബഹ്റൈനിലെ പരിശീലന ക്ളാസുകളിൽ പങ്കെടുത്ത ഷൈബു നിഹാർ ഉൾപ്പെടെയുള്ള മലയാളികളെ തിരിച്ചറിഞ്ഞ മലപ്പുറം വണ്ടൂർ പൊലീസ്, ഇവർക്കെതിരെ 2017 നവംബർ ആറിന് കേസെടുത്തു. ഭീകരപ്രവർത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. 2018 ജൂൺ ഒന്നിന് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ 2019 ഏപ്രിൽ ഒമ്പതിനാണ് ഇയാൾ അറസ്റ്റിലായത്. ഖത്തറിൽ നിന്ന് കേരളത്തിലെത്തിയ ഷൈബുവിനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്.
കോടതി ശരി വച്ച
കുറ്റങ്ങൾ
ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യൻ രാജ്യങ്ങളുമായി യുദ്ധം ചെയ്യൽ എന്നിങ്ങനെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ. ഭീകരസംഘടനയിൽ അംഗമാവുക, ഭീകരസംഘടനയ്ക്ക് പിന്തുണയും സഹായവും നൽകുക, ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ടു ശേഖരിക്കുക എന്നിങ്ങനെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ.