sbi

ന്യൂഡൽഹി: വായ്‌പാപ്പലിശയുടെ അടിസ്ഥാനനിരക്കുകളിലൊന്നായ ബെഞ്ച്മാർക്ക് പ്രൈം ലെൻഡിംഗ് റേറ്റ് (ബി.പി.എൽ.ആർ) 0.7 ശതമാനം ഉയർത്തി എസ്.ബി.ഐ. 13.45 ശതമാനമാണ് പുതിയനിരക്ക്. ബുധനാഴ്‌ച പ്രാബല്യത്തിൽ വന്നു. സമാന വർദ്ധനയുമായി ഇന്നലെ പ്രാബല്യത്തിൽവന്ന വിധം മറ്റൊരു അടിസ്ഥാനനിരക്കായ ബേസ്‌റേറ്റ് 8.7 ശതമാനമായും പുതുക്കിയിട്ടുണ്ട്. ഇതോടെ, ബി.പി.എൽ.ആർ., ബേസ്‌റേറ്റ് എന്നിവ അടിസ്ഥാനമായുള്ള വായ്പകൾ എടുത്തവരുടെ പലിശഭാരം ഉയരും. ഇവ രണ്ടും പഴയ മാനദണ്ഡങ്ങളാണ്. മിക്ക ബാങ്കുകൾ ഇപ്പോൾ വായ്പ നൽകുന്നത് എക്‌സ്‌റ്റേണൽ ബെഞ്ച്മാ‌ർക്ക് ലെൻഡിംഗ് റേറ്റ് (ഇ.ബി.എൽ.ആർ) അല്ലെങ്കിൽ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ആർ.എൽ.എൽ.ആർ) പ്രകാരമാണ്. ഇവ ബി.പി.എൽ.ആർ., ബേസ്റേറ്റ് എന്നിവയേക്കാൾ കുറവാണ്. ഉപഭോക്താക്കൾക്ക് ബാങ്കിൽ അപേക്ഷിച്ച് വായ്പകൾ ഇ.ബി.എൽ.ആറിലേക്കോ ആർ.എൽ.എൽ.ആറിലേക്കോ മാറ്റി തിരിച്ചടവിൽ (ഇ.എം.ഐ) ആശ്വാസം നേടാവുന്നതാണ്.