കുറുപ്പംപടി: എ.എം റോഡിലെ പട്ടാൽ മുതൽ ഓടക്കാലി വരെയുള്ള ഭാഗം തകർന്ന് തരിപ്പണമായിട്ടും നന്നാക്കാൻ നടപടിയില്ല. പെരുമ്പാവൂർ മുതൽ കോതമംഗലം വരെയുള്ള ഭാഗം ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ബി.എം ബി.സി നിലവാരത്തിൽ നിർമിക്കുന്നതിന് കഴിഞ്ഞ ഒക്ടോബറിൽ 12.26 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചിരുന്നതായി പറയുന്നു. എന്നാൽ പല ന്യായീകരണങ്ങളും പറഞ്ഞ് പണിവൈകിക്കുകയും മഴതുടങ്ങിയപ്പോൾ പണി ആരംഭിക്കുകയും ചെയ്തു. പണിത ഭാഗങ്ങളെല്ലാം രണ്ടുദിവസത്തിനുള്ളിൽ പഴയതിലും മോശം അവസ്ഥയിലായി.
റോഡ് അപകടക്കെണിയായി
വലിയ കുഴികളും കല്ലുകളും നിറഞ്ഞതോടെ അപകടക്കെണിയുമായി. നിർമ്മാണത്തിന്റെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. ഏഴുലക്ഷം മുടക്കി കുഴികൾ അടച്ച ഭാഗങ്ങളിൽ വീണ്ടും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. ചില ഭാഗങ്ങളിൽ മുമ്പ് ടാറിംഗ് ഉണ്ടായിരുന്ന പ്രതീതിപോലുമില്ല. വീണ്ടുകീറിയും കല്ലുകൾ ഇളകിയും ഭീകരമാണ് റോഡ്. അടുത്തിടെ പെയ്ത മഴയിൽ ഓടക്കാലി സുഗന്ധതൈല ഗവേഷണകേന്ദ്രം ഭാഗത്ത് മെറ്റൽ മഴയത്ത് ഒലിച്ചുപോയി.
റോഡ് സഞ്ചാരയോഗ്യമായിരുന്ന സമയത്ത് 20 മിനിട്ടുകൊണ്ട് പെരുമ്പാവൂരിൽനിന്ന് കോതമംഗലത്തേക്ക് എത്താമായിരുന്നു. ഇപ്പോൾ ഒരുമണിക്കൂറോളമെടുക്കും. പട്ടാൽ, ഇരിങ്ങോൾ, കുറുപ്പംപടി തീയറ്റർപടി, മുടിക്കരായി, ചെറുകുന്നം, പാച്ചുപിള്ളപ്പടി എന്നിവിടങ്ങളെല്ലാം റോഡ് തകർന്നുകിടക്കുന്നു.
ഇരിങ്ങോൾ റോട്ടറി ക്ലബ്ബ് മുതൽ ഓടക്കാലി വരെയുള്ള ഭാഗങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിലൂടെയാണ് നിർവഹിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചപ്പോഴേ വലിയ അപാകതകൾ സംഭവിച്ചിരുന്നുവെന്നാണ് ആക്ഷേപം. അധികൃതരുടെ അഭാവത്തിൽ വീണ്ടും ആരംഭിച്ചിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും ആക്ഷേപമുണ്ട്.
ദിനംപ്രതി നൂറ് കണക്കിന് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് അവഗണനയിലാണ്. മൂന്നാറിലേക്ക് പോകുന്ന വിദേശികളും സ്വദേശികളുമായ നിരവധി ടൂറിസ്റ്റുകളും സാധാരണക്കാരായ മറ്റു യാത്രക്കാരും ഏറെ ഉപയോഗപ്പെടുത്തുന്ന സംസ്ഥാന പാതയായ ആലുവ-മൂന്നാർ റോഡിനോട് അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
വിജിലൻസ് അന്വേഷണത്തിൽ അപാകതയെന്ന്
ആലുവ - മൂന്നാർ റോഡ് തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലാതെയാണ് നടത്തിയതെന്നാണ് പരക്കെയുള്ള ആക്ഷേപം. 7 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി നടത്തുകയും എന്നാൽ പണിതീർന്ന് രണ്ടാംദിവസം അപാകതകൾ മൂലം ടാറിംഗ് പൊളിഞ്ഞുപോവുകയും ചെയ്തിരുന്നു. ഇതേത്ടതുർന്ന് ശരിയായ രീതിയിലുള്ള ടാറിംഗ് നടത്തണമെന്നാണ് പൊതു ജനങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള റിപ്പോർട്ടാണ് വിജിലൻസ് നൽകിയിട്ടുള്ളതെന്ന് പൊതുജനങ്ങൾ പറഞ്ഞു. എന്നാൽ ആലുവ- മൂന്നാർ റോഡ് തകർന്നതുമായി ബന്ധപ്പെട്ട മാദ്ധ്യമ വാർത്തകളെ തുടർന്ന് കഴിഞ്ഞദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. കളക്ടറുടെ സന്ദർശനത്തിന് മുന്നോടിയായി അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്.