
മൂവാറ്റുപുഴ: പ്രാവുകൾക്കും കാക്കകൾക്കും ദിവസവും രണ്ടുനേരം ഭക്ഷണം നൽകുന്ന എൺപതുകാരൻ നാടിന് മാതൃകയാകുന്നു. മൂവാറ്റുപുഴ കിഴക്കേക്കര പാലപ്പിള്ളി വീട്ടിൽകേശവൻ നായരാണ് ഈ പക്ഷിസ്നേഹി.
പക്ഷികളെ പോറ്റൽ കേശവൻ നായർക്ക് രണ്ട് വർഷമായി ദിനചര്യയാണ്.
അരിയും ഗോതമ്പും ഭക്ഷിക്കാൻ രാവിലെ തന്നെ കേശവൻ നായരുടെ കിഴക്കേക്കര പാലപ്പിള്ളി വീട്ടിന്റെ മുറ്റത്ത് ഒരു കൂട്ടം പ്രാവുകളും കാക്കകളും എത്തും. ഏതു കാലാവസ്ഥയിലും ആറുമണിക്കു മുമ്പെ വീടിന് മുന്നിലെ ഇലക്ട്രിക് ലൈനിൽ വരിവരിയായി സ്ഥാനം പിടിച്ചിട്ടുണ്ടാകും പ്രാവിൻകൂട്ടം. പക്ഷികൾക്കുള്ള ഭക്ഷണവും എടുത്തുവച്ച് വീട്ടുവരാന്തയിലെചാരുകസേരയിൽ കേശവൻ നായർ ഇരിക്കും. 6.15ന് പക്ഷികളെല്ലാം എത്തിക്കഴിയുന്നതോടെ അരിമണികൾ സഞ്ചിയിൽ നിന്ന് എടുത്ത് അദ്ദേഹം എഴുന്നേൽക്കും. അതോടെ മുന്നൂറോളം വരുന്ന പ്രാവിൻ കൂട്ടം മുറ്റത്തേക്ക് പറന്നിറങ്ങും. ഉടൻ കേശവൻ നായർ അരിമണികൾ മുറ്റത്ത് വിതറും. അദ്ദേഹത്തെ ഒരു നിമിഷം നോക്കിയശേഷം ഒരു മണി പോലും ബാക്കി വയ്ക്കാതെ മുഴുവൻ പ്രാവുകൾ കൊത്തിത്തിന്നും. പിന്നെ മുറ്റത്ത് വട്ടമിട്ടു പറന്ന് ഇലക്ട്രിക് ലൈനിൽ വരിവരിയായി അണിനിരന്നശേഷം പറന്നുയർന്ന് ദൂരെ ദിക്കിലേക്ക് നീങ്ങും. തുടർന്ന് കാക്കകളെത്തും. അവയ്ക്കും കേശവൻ നായർ ധാന്യമണികൾ നൽകും. ഉച്ചയ്ക്ക 12.15നും പക്ഷികൾ ഭക്ഷണത്തിനായി കേശവൻ നായരെ തേടിയെത്തും. രാവിലെയായാലും ഉച്ചയ്ക്കായാലും അൽപ്പം പോലും സമയം തെറ്റിക്കാതെയാണ് പക്ഷികളുടെ വരവ്. പേഴയ്ക്കാപിള്ളിയിൽ പ്രവർത്തിച്ചിരുന്ന രേവതി മാച്ച് വർക്‌സിലെ ജീവനക്കാരനായിരുന്നു കേശവൻ നായർ. വാർദ്ധക്യ പെൻഷനിലെ ഒരു വിഹിതം ചെലവിട്ടാണ് പക്ഷികൾക്ക് അദ്ദേഹം ആഹാരം നൽകുന്നത്. തന്റെ മരണം വരെ പക്ഷികളെ പോറ്റാൻ സാധിക്കണമെന്നാണ് ആ വയോധികന്റെ പ്രാർത്ഥന.