boat
കറ്റാമരം ബോട്ട്

# എറണാകുളത്തിന് നാലാമത്തെ കറ്റാമരൻ ബോട്ട് # ഉദ്ഘാടനം നാളെ

കൊച്ചി: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നാലാമത്തെ കറ്രാമരൻ ബോട്ട് നാളെ മുതൽ എറണാകുളത്ത് സർവീസ് ആരംഭിക്കും. ബോട്ട് ഫോർട്ട്കൊച്ചി കമാലക്കടവ് ജെട്ടിയിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഇരട്ടഹള്ളുള്ള 100 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണിത്. ചെലവ് കുറഞ്ഞതും എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയതാണ് പുതിയ ബോട്ട്. പഴയ ബോട്ടുകൾക്കു പകരമായാണ് കറ്റാമരൻ ബോട്ടുകൾ എത്തുന്നത്. ജില്ലയിലെ പഴഞ്ചൻ ബോട്ടുകൾ എല്ലാം ഒഴിവാക്കുകയാണ് വകുപ്പി​ന്റെ ലക്ഷ്യം. ​

പഴയ ബോട്ടുകൾ തുരുമ്പടിച്ച് നശിക്കുന്നത് വ്യാപകമായതോടെയാണ് ഇരട്ട എഞ്ചിനോടുകൂടിയ കറ്റാമരൻ ഡീസൽ ഫൈബർ ബോട്ടുകൾ നിർമ്മിക്കാൻ വകുപ്പ് തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ഏഴ് ബോട്ടുകൾക്കാണ് സർക്കാർ അനുമതി ലഭിച്ചത്. കഴിഞ്ഞ വർഷം 3 എണ്ണം നിർമ്മിച്ച് സർവീസ് ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിയാലാണ് നാലാമത്തെ ബോട്ടിന്റെ നിർമ്മാണം വൈകിയത്.

അരൂർ ആസ്ഥാനമായിട്ടുള്ള പ്രാഗ മറൈൻ പ്രൈവറ്റ് ലിമിറ്റഡാണ് ബോട്ടിന്റെ രൂപ കല്പനയും നിർമ്മാണവും. 1.45 കോടി രൂപയാണ് ചെലവ്. 20 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്. മണിക്കൂറിൽ എഴ് നോട്ടിക്കൽ മൈലാണ് വേഗത. കേരളത്തിൽ ആദ്യമായാണ് 100 സീറ്റിംഗ് കപ്പാസിറ്റിയുള്ള അത്യാധുനിക ബോട്ട് എത്തുന്നതെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.

# ടി​​ക്കറ്റ് നി​രക്കി​ൽ മാറ്റമി​ല്ല

നിലവിലുള്ള ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താതെയാണ് എറണാകുളം-ഫോർട്ടുകൊച്ചി​ - വൈപ്പിൻ റൂട്ടിലാണ് പുതി​യ ബോട്ട് സർവീസ് നടത്തുക. ഫൈബർ ബോട്ടുകൾ മറ്റ് ബോട്ടുകളെ അപേക്ഷിച്ച് ഏറെ സുരക്ഷിതമാണ്. ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ പരിശോധനയോടെയാണ് ബോട്ട് നിർമ്മാണം പൂർത്തിയാക്കിയത്. മൂന്ന് ബോട്ടുകൾ അടുത്ത സാമ്പത്തിക വർഷം നീറ്റി​ലി​റങ്ങും.

കറ്റാമരൻ ബോട്ട്

രണ്ട് ഹള്ളുകളുള്ള ബോട്ടുകളാണ് കറ്റാമരൻ ബോട്ടുകൾ. ആടിയുലയില്ല. സഞ്ചരി​ക്കുമ്പോൾ ഓളം കുറവ്. മറ്റ് ബോട്ടുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതം. മറിയാമുള്ള സാദ്ധ്യതയും കുറവാണ്.

ബോട്ടിന്റെ പ്രത്യേകതകൾ

സീറ്റിംഗ് കപ്പാസിറ്റി- 100

നിർമ്മാണ ചെലവ്- 1.45 കോടി

വലുപ്പം- നീളം: 20 മീ, വീതി: 7 മീ

വേഗത: 7 നോട്ടിക്കൽ മൈൽ