ed

കാലടി: ജീവിത പ്രതിസന്ധിയെ നെഞ്ചുറപ്പോടെ നേരിട്ട്,​ അച്ഛന്റെ വാനിൽ ക്ലീനറായി ജോലി നോക്കുന്ന മലയാറ്റൂർ തോട്ടുവ സ്വദേശിനി സാന്ദ്രയ്ക്ക് കാലടി ആദിശങ്കര ട്രസ്റ്റിന്റെ കൈത്താങ്ങ്. സാന്ദ്രയുടെ വിദ്യാഭ്യാസ ചെലവ് ആദിശങ്കര വഹിക്കും. ട്രസ്റ്റിന് കീഴിലെ ആദിശങ്കര എൻജിനിയറിംഗ് കോളേജിൽ സൗജന്യമായി സാന്ദ്രയ്ക്ക് ബി.ടെക് പഠിക്കാം.

കാലടി ബ്രഹ്മാനന്ദോദയം സ്‌കൂളിലേക്ക്, വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാനിലെ ക്ലിനറാണ് സാന്ദ്ര. സിവിലിൽ ബി.ടെക് എടുക്കണമെന്ന ആഗ്രഹം മനസിലുണ്ടെങ്കിലും കുടുംബഭാരത്താലാണ് സാന്ദ്ര ജോലിക്കിറങ്ങിയത്. വർഷങ്ങളായി സാന്ദ്രയുടെ അച്ഛൻ സലിംകുമാറിന്റെ വാനിലായിരുന്നു കുട്ടികളെ എത്തിച്ചിരുന്നത്. എന്നാൽ വൃക്കരോഗവും ഹൃദയാഘാതവും സാന്ദ്രയുടെ അച്ഛനെ നിത്യരോഗിയാക്കി. ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡിസിറ്റിയിലാണ് സലിംകുമാർ. നാട്ടുകാരുടെയും സുമനസുകളുടെയും സഹായം കൊണ്ടും വായ്പയെടുത്തുമൊക്കെയാണ് ചികിത്സ നടക്കുന്നത്. അച്ഛൻ കിടപ്പിലായതോടെ സാമ്പത്തിക പ്രതിസന്ധിയായി. തുടർന്ന് സാന്ദ്ര ക്ലീനറുടെ ജോലി എറ്റെടുക്കുകയായിരുന്നു. പ്ലസ്ടു വരെ ബ്രഹ്മാനന്ദോദയം സ്‌കൂളിലാണ് സാന്ദ്ര പഠിച്ചത്. പ്ലസ്ടുവിന് 90% മാർക്കുണ്ടായിരുന്നു. അദ്ധ്യാപകരുടെയും മറ്റും സഹായത്തോടെ ചേലാട് ഗവൺമെന്റ് പോളിടെക്നിക്കിൽ നിന്ന് സിവിലിൽ ഡിപ്ലോമ നേടിയിരുന്നു. ട്രസ്റ്റിന്റെ സമ്മത പത്രം ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദും ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി.പി. ജയശങ്കറും ചേർന്ന് സാന്ദ്രയ്ക്ക് കൈമാറി. ആദിശങ്കര ജനറൽ മാനേജർ എൻ.ശ്രീനാഥ്, ബ്രഹ്മാനന്ദോദയം സ്‌കൂൾ ഹെഡ്മാസ്റ്റർ കെ. ജയകുമാർ, വാർഡ് അംഗം പി.ബി.സജീവ്, വി.ആർ.ഷീല എന്നിവരും സന്നിഹിതരായിരുന്നു. ഭദ്ര‌യാണ് സാന്ദ്രയുടെ അമ്മ. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രേയ സഹോദരി.