മൂവാറ്റുപുഴ: എം.സി റോഡിലെ കുഴി അടയ്ക്കൽ പ്രഹസനം മാത്രമാണെന്ന് മുൻ എം.എൽ.എ.എൽദോ എബ്രഹാം കുറ്റപ്പെടുത്തി. മൂവാറ്റുപുഴ മുതൽ മണ്ണൂർ വരെയുള്ള റോഡ് തകർന്നത് പരിഹരിക്കാനെടുക്കുന്ന നടപടികൾ ഫലപ്രദമല്ല. ഇതിന്റെ പേരിൽ കരാറുകാർ ലാഭമുണ്ടാക്കുന്നതല്ലാതെ ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. ശബരി പാക്കേജിൽ ഉൾപ്പെടുത്തി 2018-ൽ 15 കോടി രൂപ അനുവദിച്ച് റോഡ് നവീകരിച്ചിരുന്നു. ഇപ്പോൾ രൂപപ്പെട്ട കുഴികൾ ചിപ്പിംഗ് കാർപ്പെറ്റ് വച്ച് അടച്ചുപോകുന്നത് ഫലപ്രദമാകില്ല. എം.സി റോഡിന്റെ നവീകരണത്തിന് സർക്കാരിൽനിന്ന് പണം അനുവദിക്കാൻ അധികൃതർ ഇടപെടണം. ഇതോടൊപ്പം കച്ചേരിത്താഴം പാലംറോഡ് ശോച്യാവസ്ഥ പരിഹരിക്കണം. പാലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്പാനുകളുടെ ജോയിന്റുകളിൽ ഹമ്പ് നിർമ്മിച്ചിരിക്കുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാലത്തിൽ തുടർച്ചയായി കുഴികൾ രൂപപ്പെടുന്നത് വേമ്ട സമയത്ത് അടക്കാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കുന്നില്ലെന്നും എൽദോ കുറ്റപ്പെടുത്തി​.