road
മാറമ്പിള്ളി കുറുകുളം വീട്ടിൽ കുഞ്ഞുമുഹമ്മദ് അപകടത്തിൽപ്പെട്ട കുഴി നാട്ടുകാർ മൂടിയ നിലയിൽ

ആലുവ: ജനകീയ സമരങ്ങളൊന്നും പൊതുമരാമത്ത് വകുപ്പിന് വിഷയമല്ലെന്നതിന് തെളിവാണ് ആലുവയിലെ റോഡുകളുടെ ശോച്യാവസ്ഥ വ്യക്തമാക്കുന്നത്. വകുപ്പിന്റെ അവഗണനയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് മാറമ്പിള്ളി കുറുകുളം വീട്ടിൽ കുഞ്ഞുമുഹമ്മദ്.

ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ കുഴികൾ മൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മാസങ്ങളായി സമരത്തിലാണ്. എല്ലാത്തവണയും പൊതുമരാമത്ത് വകുപ്പ് ഓരോരോ കാരണങ്ങൾ പറഞ്ഞ് അവഗണിക്കും. നാല് വരിപ്പാതയാക്കാൻ റോഡ് കിഫ്ബിക്ക് കൈമാറിയെന്നും അതിനാൽ പി.ഡബ്ല്യു.ഡിക്ക് അറ്റകുറ്റപ്പണി നടത്താനാകില്ലെന്നുമാണ് പറയുന്നത്. പ്രതിഷേധം ശക്തമായപ്പോൾ അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ അനുവദിച്ചു. ആലുവ മുതൽ കുട്ടമശേരി ആനിക്കാട്ട് കവല വരെയും മാറമ്പിള്ളി മുതൽ പാലക്കാട്ടുത്താഴം വരെയുമുള്ള റോഡിലെ വലിയ കുഴികൾ ചെറുതായടച്ചു. അപ്പോഴും ആനിക്കാട്ടുകവല മുതൽ മാറമ്പിള്ളി വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്തെ കുഴികളിൽ തൊട്ടില്ല. ഇവിടെ പതിയാട്ട് കവലയിലെ കുഴിയിൽ വീണാണ് കുഞ്ഞുമുഹമ്മദിന്റെ ജീവൻ നഷ്ടമായത്.

അറ്റകുറ്റപ്പണിക്ക് പിന്നാലെ റോഡ് വീണ്ടും തകർന്നത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞുവെന്ന വിചിത്രമായ റിപ്പോർട്ടാണ് വിജിലൻസ് മുമ്പാകെ പി.ഡബ്ല്യു.ഡി നൽകിയത്. നിലവാരമില്ലാത്ത വിധത്തിൽ അറ്റകുറ്റപ്പണി നടത്തിയശേഷം കോടതി ഇടപ്പെട്ടപ്പോൾ നാട്ടുകാരുടെ ചുമലിൽചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്.

കഴിഞ്ഞ ഒരാഴ്ചയോളമായി കുട്ടമശേരിക്കാർ റോഡിൽ വാഴനട്ടും വള്ളംഇറക്കിയും പ്രതിഷേധിച്ചിരുന്നു. സമാനമായ രീതിയിൽ തകർന്നുകിടക്കുന്ന എടയപ്പുറം റോഡും അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോൺഗ്രസ് സമരം നടത്തിയപ്പോഴും പെരുമ്പാവൂർ റോഡ് കിഫ്ബിക്ക് വിട്ടെന്ന് പറഞ്ഞ് പി.ഡബ്ല്യു.ഡി കെെയൊഴിയുകയായിരുന്നുവെന്ന് സമരത്തിന് നേതൃത്വം നൽകിയ ബ്ളോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.എ. മുജീബ് പറഞ്ഞു. എടയപ്പുറം റോഡ് ഒരാഴ്ചയ്ക്കകം അറ്റകുറ്റപ്പണി നടത്താമെന്നാണ് ഉറപ്പ് നൽകിയത്. വാക്ക് പാലിക്കുമോയെന്നത് കണ്ടറിയണം.